തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് വിമർശിച്ചു.
ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല. കണക്കുകളില് അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബജറ്റിന്റെ ആദ്യ ഭാഗം ശരിയായ രാഷ്ട്രീയ പ്രസംഗമാണ്. സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള അവ്യക്തത വളരെ വ്യക്തമാണ്. അധിക ചെലവ് 1715 കോടിയെന്നാണ് പറഞ്ഞിരിക്കുന്നത്. 20,000 കോടിയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
അത് അധിക ചെലവല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കഴിഞ്ഞ ഉത്തേജക പാക്കേജ് പിഡബ്ല്യുഡി കരാറുകാരുടെ കുടിശിക തീർക്കാനും പെൻഷൻ കുടിശിക തീർക്കാനുമാണ് ഉപയോഗിച്ചത്. അത് സർക്കാറിന്റെ ബാധ്യതയാണ്.
അതെങ്ങനെ ഉത്തേജക പാക്കേജായെന്ന് ഞങ്ങൾക്ക് അത്ഭുതമാണ്.ബജറ്റിന്റെ എസ്റ്റിമേറ്റിൽ പുതിയതായി പ്രഖ്യാപിക്കപ്പെട്ട 20,000 കോടി ഇല്ല. എസ്റ്റിമേറ്റാണ് ശരിയായ ബജറ്റ്. കഴിഞ്ഞ കാര്യങ്ങൾ ബജറ്റിൽ അവതരിപ്പിക്കേണ്ടതില്ല.
വരാൻ പോകുന്ന കണക്കുകളാണ് എസ്റ്റിമേറ്റ്. അതുകൂടി ചേർത്താൽ 21,715 കോടി രൂപ അധിക ചെലവായേനെ. റവന്യൂ കമ്മി 16,910 കോടിയാണ് കാണിച്ചിരിക്കുന്നത്.
അതിനോട് 20,000 കോടി കൂട്ടണം. അപ്പോൾ റവന്യൂ കമ്മി 36,910 കോടി ആവുമെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.