തിരുവനന്തപുരം: കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് മർദ്ദിച്ച സംഭവം ക്രൂരമാണെന്നും കേരളാ പോലീസ് ക്രൂരതയുടെ പര്യായമായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പോലീസിന് സമനില തെറ്റിയിരിക്കുന്നു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള ക്രൂരതകളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഭരണകക്ഷിയും സിപിഎമ്മും ഇത്തരക്കാരെ സഹായിക്കുകയാണ്. പോലീസിനെ സിപിഎം രാഷ്്ട്രീയവൽക്കരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്.
പോലീസ് സ്റ്റേഷനുകളിലെ റൈറ്റർ ഉൾപ്പെടെയുള്ള സ്ഥാനങ്ങളിൽ പാർട്ടി അനുഭാവികളായ പോലീസുകാർ സൂക്ഷ്മമായി ജോലി നോക്കണമെന്നും ഇപ്പോൾ പാർട്ടി അനുഭാവികളായ പോലീസുകാർ കറങ്ങി നടക്കുന്നുവെന്നും കോടിയേരി പറഞ്ഞത് പോലീസിലെ രാഷ്്ട്രീയവൽക്കരണത്തിന് ഉദാഹരണമാണ്.
പോലീസിനെ ഓരോ രാഷ്്ട്രീയപാർട്ടിയുടെയും അനുഭാവികളായ പോലീസ് എന്ന് തരംതിരിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.