വിഴിഞ്ഞം: വളർത്തു മകൾ കൊല്ലപ്പെട്ട കേസിൽ കോവളം മുട്ടയ്ക്കാട് ചരുവിള വീട്ടിൽ ആനന്ദൻ ചെട്ടിയാരോടും ഭാര്യ ഗീതയോടും കോവളം പോലീസ് കാട്ടിയ ക്രൂരത കാരണം കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട അവസ്ഥയാണെന്നും പോലീസിന് ഗുണ്ടാ മനോഭാവമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഈ പുതിയ കാലത്തും ഏറ്റവും അപരിഷ്കൃതമായ കേസന്വേഷണമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ 11 മണിയോടെ എം. വിൻസെന്റ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർക്കൊപ്പം മുട്ടയ്ക്കാട്ടെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് തങ്ങൾക്ക് പോലീസിൽ നിന്നേറ്റ ക്രൂര പീഢനങ്ങളും അതു വഴി നാട്ടുകാരിൽ നിന്നേറ്റ അപമാനവും അവഹേളനവും ദമ്പതികൾ വിശദീകരിച്ചു.
ദമ്പതികളെ ആശ്വസിപ്പിച്ച വി.ഡി.സതീശൻ ഇവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കാൻസർ ബാധിതയായ ഗീതയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട വി.ഡി.സതീശൻ ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകുമെന്ന് പറഞ്ഞു.
മറ്റൊരു കൊലപാതക കേസിൽ പിടിയിലായവർ കുറ്റം ഏറ്റ് പറഞ്ഞതാണ് കുടുംബത്തിന് രക്ഷയായത്. അന്ന് പ്രതികളെ പിടികൂടിയിരുന്നെങ്കിൽ മുല്ലൂരിലെ കൊലപാതകം നടക്കുമായിരുന്നില്ലെന്നും സതീശൻ പറഞ്ഞു.
പോലീസിന്റെ ക്രൂരതയ്ക്കെതിരെ കുടുംബം കോടതിയെ സമീപിച്ചാൽ ആവശ്യമായ സഹായം നൽകുമെന്ന് ഉറപ്പ് നൽകിയാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.