തത്തപ്പശു..! ജേക്കബ് തോമസ് മുഖ്യമന്ത്രി യുടെ തൊഴുത്തിലെ കെട്ടിയിട്ട പശു; ഉദ്യോഗസ്ഥ ചേരിപ്പോരുമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമെന്നും വി.ഡി സതീശൻ

vd-satheeshanതിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറെ കടന്നാക്രമിച്ച് പ്രതിപക്ഷം നിയമസഭയില്‍. ജേക്കബ് തോമസ് മുഖ്യമന്ത്രി യുടെ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന പശുവാണെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ചേരിപ്പോര് മൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് സതീശന്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി.

കൂട്ടിലടച്ച തത്തയെപ്പോലെയല്ല മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവിനെപ്പോലെയാണ് ജേക്കബ് തോമസ് പ്രവര്‍ത്തിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വലിയ കേസുകള്‍ ഏറ്റെടുക്കേണ്ടെന്ന് സര്‍ക്കുലര്‍ ഇറക്കാന്‍ ജേക്കബ് തോമസിനെ ആര് അധികാരം നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.

ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ജേക്കബ് തോമസിന്‍റെ പ്രവര്‍ത്തികള്‍. ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോര് മൂലം അതീവ പ്രാധാന്യമുള്ള ഫയലുകള്‍ പോലും ബിനാമി കൈകളില്‍ എത്തുകയാണെന്നും ഇവ പകപോക്കലിനായി കോടതിയില്‍ ഉപയോഗിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ നിലപാട് തള്ളിക്കളഞ്ഞു. ഉദ്യോഗസ്ഥര്‍ തമ്മില്‍ നേരിയ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇത് ഒരിക്കലും ഭരണത്തെ ബാധിച്ചിട്ടില്ലെന്നും ഭരണസ്തംഭനമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തനായ സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. പിന്നാലെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Related posts