തിരുവനന്തപുരം: മദ്യശാലകളുടെയും എണ്ണം വർധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാരിനു തുടർ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും സതീശൻ ആരോപിച്ചു.
വിലക്കയറ്റം രൂക്ഷമായപ്പോൾ ബസ്, ഓട്ടോ ചാർജ് വർധിപ്പിക്കുന്നത് ജനങ്ങളുടെ മേൽ അധിക ഭാരമുണ്ടാക്കുന്നത്.
പഠിക്കാതെയാണ് നിരക്ക് വർധന വരുത്തിയത്. ഇന്ധന വില വർധന മൂലം ജനങ്ങൾ ദുരിതത്തിലാകുന്പോൾ സർക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്.
അതിനാൽ സർക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാൻ തയാറാകണം. ഇന്ധന സബ്സിഡി കൊടുക്കണമെന്നും സതീശൻ പറഞ്ഞു.
മാണി സി. കാപ്പൻ പരാതി പറയേണ്ടിയിരുന്നത് യുഡിഎഫ് ചെയർമാനായ തന്നോടോ കൺവീനറിനോടോ ആയിരുന്നു.
മാധ്യമങ്ങളിലൂടെ പരാതി പറഞ്ഞത് അനൗചിത്യമാണ്. യുഡിഎഫിന്റെ പരിപാടികളിൽ പങ്കെടുക്കാൻ വിളിക്കുന്നില്ലെന്നു കാപ്പൻ ഇതുവരെ പരാതി പറഞ്ഞിട്ടില്ല.
പരാതിയുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയുണ്ടാകുമെന്നും സതീശൻ പറഞ്ഞു.