കേരളത്തില് എല്ഡിഎഫ് സര്ക്കാര് തുടര്ച്ചയായ മൂന്നാംതവണയും അധികാരത്തില് വരാതിരിക്കാന് സഖാക്കള് പ്രാര്ഥിക്കണമെന്ന് പറഞ്ഞ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന കേരളത്തിന്റെ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പുതുപ്പള്ളിയില് മാധ്യമപ്രവര്ത്തകരോട് സംസാരിക്കവെ വി.ഡി. സതീശന് കൂട്ടിച്ചേര്ത്തു.
കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തില് തട്ടിപ്പറഞ്ഞ വാക്കുകളാണ്.
ഇതാണ് കേരളത്തിലെ ജനങ്ങള് മുഴുവന് പറയുന്നത്. ഈ സര്ക്കാരാണ് തുടരുന്നതെങ്കില് എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകര്ന്നുതരിപ്പണമായിരിക്കുകയാണ്.
ഉമ്മന്ചാണ്ടിയെ നിലനിര്ത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്ഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സതീശന് വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഓര്മകള് നിലനിര്ത്തിക്കൊണ്ടുതന്നെ വര്ഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കെതിരേയും ജനങ്ങളുടെ ജീവിതം ദുരിതപൂര്ണ്ണമാക്കിയ ഇരുസര്ക്കാരുകള്ക്കെതിരേയുമുള്ള പോരാട്ടത്തിന്റെ പ്ലാറ്റ്ഫോമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്.
ഐക്യജനാധിപത്യമുന്നണി രാഷ്ട്രീയമായി തന്നെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നതില് ഒരു സംശയവും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതിയുടെ ചെളിക്കുണ്ടില് വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹത്തിന്റെ സഹപ്രവര്ത്തകരേയും ജനങ്ങളുടെ മുന്നില് തുറന്നുകാണിക്കുന്നതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്.
മാസപ്പടി വിവാദം ഉള്പ്പെടെ ആറ് സുപ്രധാനമായ അഴിമതി ആരോപണങ്ങളാണ് ഞങ്ങള് മുഖ്യമന്ത്രിക്കെതിരായി ഉന്നയിച്ചിരിക്കുന്നത്.
ആറു അഴിമതികളുടേയും പുറകില് കേരളത്തിന്റെ മുഖ്യമന്ത്രിയുണ്ട്. ഞങ്ങള് തെളിവുകള് സഹിതം ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിക്ക് മറുപടി പറാനുള്ള ധൈര്യമില്ല.
കേരളത്തിലെ മുഖ്യമന്ത്രി മാധ്യങ്ങളെ കാണാന് ഭയപ്പെടുന്നു. ജനങ്ങളെ കാണാന് പേടിയാണ്. പാര്ട്ടി സമ്മേളനങ്ങളില് മാത്രം പോകുന്നു.
മുന്നിലിരിക്കുന്ന കൊച്ചു സഖാക്കള്ക്ക് ചോദ്യം ചോദിക്കാനറിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പിച്ചറിയാം.
മാധ്യമങ്ങളെ ഭയപ്പെട്ട, പേടിച്ചുവിരണ്ടുനടക്കുന്ന കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയെന്ന സ്ഥാനം ഞങ്ങള് ഈ അവസരത്തില് പിണറായി വിജയന് നല്കുന്നു’, വി.ഡി. സതീശന് പറഞ്ഞു.
ഇത്രയേറെ മാധ്യമങ്ങളേയും ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കന്? ഇത് ഓട്ടച്ചങ്കനാണ്.
അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയനാണ്, ചോദ്യം ചോദിക്കാന് അവസരം കൊടുക്കില്ല. ചോദ്യങ്ങള്ക്ക് ഉത്തരമില്ല.
ഇപ്പോള് പൊതുമരാമത്ത് മന്ത്രിയാണ് ഇറങ്ങിയിരിക്കുന്നത്, ആരോപണം ഉന്നയിക്കുന്നവര്ക്ക് മരുന്നുകൊടുക്കണമെന്നാണ് മരുമോന് പറയുന്നത്.
അധികാരത്തിന്റെ അഹങ്കാരം തലയ്ക്കുപിടിച്ചതിനാലാണ് ആരോപണം ഉന്നയിച്ചവര്ക്ക് മരുന്നുകൊടുക്കണമെന്ന് ഒരു മന്ത്രിക്ക് പറയാന് ധൈര്യം കിട്ടിയത്.
പൊതുമരാമത്ത് മന്ത്രി, ഈ മന്ത്രിസഭയില് മറ്റുമന്ത്രിമാര്ക്കുള്ളതിനേക്കാള് അമിതാധികാരങ്ങള് കൈയ്യാളുകയാണ്’, വി.ഡി. സതീശന് കുറ്റപ്പെടുത്തി.
കേരളത്തിലെ ഒരു മുഖ്യമന്ത്രിയുടെ മകനായിട്ടും ആര്ഭാടങ്ങളുടെ വഴിയേപോകാതെ ലാളിത്യത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ച ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മന്.
ഉയര്ന്ന വിദ്യാഭ്യാസ പശ്ചാത്തലമുള്ള സാധാരണക്കാരുടെ ഇടയില് നടക്കുന്ന, സാധാരണക്കാരെ ചേര്ത്തുപിടിക്കുന്ന കോണ്ഗ്രസിന്റെ അഭിമാനമായ ചാണ്ടി ഉമ്മനെ വിജയിപ്പിക്കാനും അദ്ദേഹം പുതുപ്പള്ളിയിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.