തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ വീട്ടിലെത്തി ചർച്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഞങ്ങളൊക്കെ തമ്മിൽ സഹോദര ബന്ധവും ഹൃദയ ബന്ധവുമാണുള്ളത്. ഒരു അഭിപ്രായ വ്യത്യാസവും നേതാക്കൾ തമ്മിൽ ഉണ്ടാകാൻ പാടില്ലെന്നാണു കെപിസിസി തീരുമാനം.
ഇന്നലെ രമേശിന്റെ വഴുതക്കാട്ടെ വസതിയായ സർഗത്തിലെത്തിയ വി.ഡി. സതീശൻ ഒപ്പമിരുന്നു പ്രഭാത ഭക്ഷണവും കഴിച്ചാണു മടങ്ങിയത്. ഇരുവരും തമ്മിൽ അര മണിക്കൂറോളം ചർച്ച നടത്തി.
യുഡിഎഫ് യോഗവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിഷമം ഉണ്ടായെന്ന വാർത്ത കണ്ടിരുന്നതായും അദ്ദേഹത്തിന്റെ വീട്ടിൽ പോയി പ്രഭാത ഭക്ഷണവും കഴിച്ചാണു വന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
അഭിപ്രായങ്ങൾ ഉണ്ടാകും. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകില്ല. സിപിഎം പോലെയല്ല കോണ്ഗ്രസ്. ഞാൻ ഏതെങ്കിലും ഒരു കാര്യം പറഞ്ഞാൽ എല്ലാവരും ചേർന്നു കൈയടിക്കില്ല. ചർച്ച ചെയ്ത് ഒന്നിച്ചൊരു തീരുമാനം എടുക്കുകയാണു പതിവെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കന്റോണ്മെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിൽ നടന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ രമേശ് ചെന്നിത്തലയെ പ്രസംഗിക്കാൻ ക്ഷണിക്കാതിരുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യുഡിഎഫ് യോഗത്തിൽ ഘടകകക്ഷി നേതാക്കൾക്കെല്ലാം അവസരം നൽകിയിട്ടും തന്നെ ക്ഷണിക്കാതിരുന്ന നടപടിയിൽ പ്രതിഷേധിച്ച് സതീശൻ ഒരുക്കിയ വിരുന്നു സത്കാരം രമേശ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.