കൊച്ചി: സിപിഎമ്മിന്റേത് നയരേഖയല്ല, അവസരവാദ രേഖയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മുമ്പ് പറഞ്ഞതൊക്കെ തിരുത്തിക്കൊണ്ടിരിക്കുകയാണ്. നാട് മുഴുവന്‍ സമരം ചെയ്തു കുട്ടിച്ചോറാക്കിയിട്ടാണ് സൗകര്യംപോലെ തിരുത്തുന്നതെന്നും സതീശൻ പറഞ്ഞു. ഒരു നാടിനെ സാമ്പത്തികമായി തകര്‍ത്തു തരിപ്പണമാക്കി.
ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളും സ്തംഭിച്ചു. ഇവരുടെ ദുര്ഭരണംകൊണ്ടും സാന്പത്തിക ദുർവിനിയോഗം കൊണ്ടും സംസ്ഥാനത്തെ തകര്‍ത്തതിനുശേഷം നയംമാറ്റത്തിലൂടെ സെസും ഫീസും ഏര്‍പ്പെടുത്തി വീണ്ടും ജനങ്ങളെ കൊല്ലാന്‍ വരികയാണ്.
ഇവര്‍ പെന്‍ഷനും ക്ഷേമനിധിയും നല്‍കാത്ത ആളുകളില്‍നിന്നുതന്നെയാണ് വീണ്ടും സെസും ഫീസും വാങ്ങാന്‍ പോകുന്നത്. ഭരണത്തുടര്‍ച്ചയെന്നത് അവരുടെ ആഗ്രഹമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടി സ്വപ്നം കാണുന്നതില്‍ തെറ്റില്ല. തോറ്റുപോകട്ടെന്ന് ഒരു സംസ്ഥാന സമ്മേളനത്തിന് തീരുമാനിക്കാനാകില്ല.
മോദിസര്‍ക്കാര്‍ ഫാസിസ്റ്റ് ആണെന്നതായിരുന്നു യെച്ചൂരിയുടെ നിലപാട്. ഈ നിലപാട് വ്യക്തിപരമല്ല. പാര്ട്ടിയുടേതുകൂടിയാണ്. അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോള്‍ ആ ചുമതല വഹിക്കുന്ന പ്രകാശ് കാരാട്ട് എങ്ങനെയാണ് മോദിസര്‍ക്കാര്‍ ഫാസിസ്റ്റുമല്ല നവ ഫാസിസ്റ്റും അല്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.