റെനീഷ് മാത്യു
കണ്ണൂർ: ഐഎൻടിയുസിയും വി.ഡി. സതീശനും തമ്മിലുള്ള ഏറ്റുമുട്ടൽ പരിഹരിക്കാൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇടപെടുന്നു.
ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കെ. സുധാകരൻ ഇന്നു തിരുവനന്തപുരത്തേക്കു വിളിപ്പിച്ചിട്ടുണ്ട്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംഘടനാ തെരഞ്ഞെടുപ്പിനെയും ഇടതു സർക്കാരിന്റെ കെ-റെയിൽ അടക്കമുള്ള പ്രക്ഷോഭങ്ങളെയും ബാധിക്കുമെന്നാണ് കെപിസിസി വിലയിരുത്തുന്നത്.
ഐഎൻടിയുസി കൂടി പങ്കെടുത്ത ദേശീയ പണിമുടക്കിലെ അക്രമങ്ങളെ തള്ളിപ്പറഞ്ഞു ഐഎൻടിയുസി ട്രേഡ് യൂണിയൻ പോഷക സംഘടനയല്ലെന്നും പ്രഖ്യാപിച്ചു സതീശൻ നടത്തിയ പ്രസ്താവനയാണ് പ്രകോപനമായത്.
പ്രതിഷേധം
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരേ ഐഎൻടിയുസി പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ചിലയിടങ്ങളിൽ വി.ഡി. സതീശനെതിരേ ഐഎൻടിയുസി പ്രവർത്തകർ പ്രകടനം നടത്തുകയും സതീശന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
ഐഎൻടിയുസിയെ ചൊടിപ്പിച്ചത്
സതീശനും ചന്ദ്രശേഖരുമായി സംസാരിച്ചെങ്കിലും സതീശൻ നിലപാടിൽനിന്നു പിന്നോട്ടുപോകാത്തതാണ് ഐഎൻടിയുസിയെ ചൊടിപ്പിച്ചത്. തുടർന്ന്, ജില്ലാ പ്രസിഡന്റുമാരുടെ യോഗം ആർ.ചന്ദ്രശേഖരൻ വിളിച്ചു ചേർക്കുകയും കെപിസിസി നേതൃത്വത്തിനു പരാതി നൽകുകയുമായിരുന്നു.
സംസ്ഥാനത്തെ ഐഎൻടിയുസി ഭാരവാഹിത്വത്തിൽ ഉള്ളവർ തന്നെയാണ് മിക്കയിടങ്ങളിലും കോൺഗ്രസിന്റെ സ്ഥാനമാനങ്ങളും വഹിക്കുന്നത്.
പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ
വി.ഡി. സതീശൻ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും. സതീശന്റെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസിലെ മുതിർന്ന നേതാക്കളും രംഗത്തു വന്നിരുന്നു.