കുണ്ടറ: കെ റെയില്‍ പദ്ധതി സിപിഎമ്മിന് കേരളത്തിലെ നന്ദിഗ്രാമാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന് എംപിയും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നടത്തിയ ഉപവാസസമരം മുക്കടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന തലമുറയുടെ തലയില്‍ അമിതഭാരം കെട്ടിവയ്ക്കുന്ന കടത്തിന്റെ കാണാക്കയങ്ങളിലേക്ക് കേരളം പോവുകയാണെന്ന് സിഎജി ഓര്‍മ്മപ്പെടുത്തുന്നു. ശമ്പളവും പെന്‍ഷനും നല്‍കാന്‍പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. പരിതാപകരമായ ചുറ്റുപാടുകളിൽ മഹാമാരിയും സാമ്പത്തികമാന്ദ്യവും കൂടിയായപ്പോള്‍ നില കൂടുതല്‍ ഗുരുതരമായി.
പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകളാണ് സാധാരണക്കാരന്റെ വീടുകളിലേക്ക് പ്രവഹിക്കുന്നത്. വട്ടിപ്പലിശക്കാര്‍ വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. ഇവിടെയെങ്ങും സര്‍ക്കാരിന്റെ സാന്നിധ്യമില്ല. തെരഞ്ഞെടുപ്പു പാലം കടന്നുകഴിഞ്ഞപ്പോള്‍ മഹാമാരിയുടെ കാലത്തും സര്‍ക്കാര്‍ എല്ലാസഹായങ്ങളും നിര്‍ത്തിവച്ചു.
കെ റയിലിന് 64000 കോടി വേണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ നീതി ആയോഗ് 2018-ല്‍ പറഞ്ഞിരിക്കുന്നത് ഒന്നേകാല്ലക്ഷംകോടിയാണ്. ഇത് 2027-ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചാല്‍പോലും രണ്ടുലക്ഷംകോടി കഴിയും.ഖജനാവില്‍ അഞ്ചുപൈസപോലുമില്ലാത്ത സര്‍ക്കാര്‍ ഇതിനുള്ള പണം എവിടെനിന്നുണ്ടാക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം പലിശയ്ക്കുവാങ്ങിയാണ് നിര്‍മാണം നടത്താനുദ്ദേശിക്കുന്നത്. കിഫ്ബിവഴി വാങ്ങിയ പണവും പലിശയും നില്‍ക്കുമ്പോഴാണിത്. നഷ്ടമില്ലാതിരിക്കണമെങ്കില് ദിവസവും 465000 യാത്രക്കാര്‍ കെ റെയില്‍വഴി യാത്രചെയ്യണം.
തിരക്കേറിയ അഹമ്മദാബാദ് പൂനെ അതിവേഗ തീവണ്ടിയില്‍പ്പോലും 35000 പേരാണ് യാത്രചെയ്യുന്നതെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം ചെയര്മാന് കുരീപ്പള്ളി സലിം അധ്യക്ഷത വഹിച്ചു. കൺവീണർ വേണുഗോപാൽ, സി ആർ മഹേഷ് എംഎൽഎ, എ.എ അസീസ്, കെ സി രാജൻ, എം. എം. നസീർ, പ്രതാപവർമ്മ തമ്പാൻ, ഷിബുബേബിജോൺ, എൻ കെ പ്രേമചന്ദ്രൻ എം പി, പി സി വിഷ്ണുനാഥ് എം എൽ എ, എഴുകോൺ നാരായണൻ, ടി സി വിജയൻ, കെ എസ് വേണുഗോപാൽ, എ ഷാനവാസ് ഖാൻ, കോയിവിള രാമചന്ദ്രൻ, എം ലിജു,പി. ജെർമിയാസ്, ബിന്ദു കൃഷ്ണ, സൂരജ് രവി തുടങ്ങിയവർ പ്രസംഗിച്ചു .
സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരിപ്പള്ളി സലിം വഹിച്ചു. ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, ഡോ.എം.കെ.മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.