തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പിന്റെ പേരിൽ കെപിസിസി യോഗത്തിൽ തർക്കം. വാട്സാപ്പ് ഗ്രൂപ്പിൽ ആദ്യം ജില്ലാ ചുമതലയുള്ള ഭാരവാഹികളെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതേക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പരാതി നൽകിയശേഷമാണ് ഇവരെ വാട്സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത്.
എന്നാൽ തുടക്കത്തിൽ തന്നെ തങ്ങളെ ഉൾപ്പെടുത്താത്തത് അഭിമാനക്ഷതമായി എന്ന നിലയിലാണ് യോഗത്തിൽ ഭാരവാഹികൾ പ്രതികരിച്ചത്.വാട്സാപ്പ് ഗ്രൂപ്പ് വഴി സർക്കുലർ പുറപ്പെടുവിച്ചുവെന്നും ആഭ്യന്തര കാര്യങ്ങൾ വാർത്തയാകുന്നതിന് പിന്നിൽ പ്രതിപക്ഷ നേതാവെന്നും യോഗത്തിൽ ആരോപണമുയർന്നു.
വയനാട്ടിലെ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ ഉൾപ്പെടുത്തി താൻ ഇറക്കേണ്ട സർക്കുലർ വി.ഡി.സതീശൻ ഇറക്കിയതെന്തുകൊണ്ടെന്ന് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരേ ഇതടക്കം രൂക്ഷവിമർശനമാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു, കെപിസിസിയുടെ അധികാരത്തിൽ കൈകടത്തുന്നു, ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു തുടങ്ങിയ ആരോപണങ്ങൾ യോഗത്തിൽ ഉയർന്നു.
പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനമാണെന്നും വയനാട്ടിൽ നടന്ന ചിന്തൻ ശിബിരത്തിലെ വിവരങ്ങൾ പുറത്തറിയിച്ചത് വി.ഡി.സതീശനാണെന്നും ചില നേതാക്കൾ ആരോപിച്ചു.
ഇന്നലെ വൈകിട്ട് ഓൺലൈനായാണ് കെപിസിസി യോഗം ചേർന്നത്. കെ. സുധാകരൻ ഡൽഹിയിലായതിനാലാണ് ഓൺലൈനിൽ യോഗം ചേർന്നത്.