മങ്കൊമ്പ് : ജലാശയങ്ങളുടെ ആഴം കൂട്ടി സംഭരണ ശേഷി വർദ്ധിപ്പിക്കണമെന്ന സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശ നാളിതു വരെയായിട്ടും നടപ്പിലാക്കാൻ സാധിക്കാത്തത് വെള്ളപ്പൊക്ക കെടുതി രൂക്ഷമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.നിലവിലുള്ള റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാതെ പുതിയ പഠന റിപ്പോർട്ടിനു കാത്തിരിക്കാനുള്ള നീക്കം അപകടമാണ്. കുട്ടനാടിനെ കരകയറ്റാനുള്ള പദ്ധതികൾക്ക് പ്രതിപക്ഷം ക്രിയാത്മക പിന്തുണ നൽകും.
വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിക്കണം. ദീർഘകാല പദ്ധതികൾക്ക് സമയക്രമം ഉണ്ടാക്കണം. അടിയന്തരമായി നിർവഹിക്കേണ്ട പദ്ധതികൾക്ക് മുൻഗണനാക്രമം നിശ്ചയിക്കണം. എ-സി കനാൽ പള്ളാത്തുരുത്തി വരെ തുറക്കുകയും ആഴം കൂട്ടുകയും ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഉച്ചകഴിഞ്ഞു രണ്ടോടെ കൈനകരിയിൽ എത്തിയ അദ്ദേഹം തുടർച്ചയായി മടവീഴ്ചയുണ്ടാകുന്ന കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങൾ സന്ദർശിച്ചു. തുടർന്ന് പുളിങ്കുന്നിലെത്തിയ അദ്ദേഹം താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥ നേരിൽക്കണ്ടു. തുടർന്ന് കിടങ്ങറയ്്ക്കു സമീപം എസി കനാലും സന്ദർശിച്ചു.
മുൻ ഡിസിസി പ്രസിഡനന്റുമാരായ എം.ലിജു, എ. എ. ഷുക്കൂർ, കോൺഗ്രസ് നേതാക്കളായ കെ.പി.ശ്രീകുമാർ , സജി ജോസഫ്, സി.വി രാജീവ്, കെ.ഗോപകുമാർ, പ്രതാപൻ പറവേലി, ജെ.ടി. രാംസേ , പ്രമോദ് ചന്ദ്രൻ, ജോസഫ് ചേക്കോടൻ, വി.കെ. സേവ്യർ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനെ അനുഗമിച്ചു.