തിരുവനന്തപുരം: താൻ ലീഡറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ലീഡർ എന്ന വിളിയ്ക്ക് അർഹനായ ഒരേയൊരാൾ മാത്രമേയുള്ളൂ, അത് ലീഡർ കെ. കരുണാകരനാണെന്നും സതീശൻ പറഞ്ഞു.
ക്യാപ്റ്റൻ വിളിയിലും ലീഡർ വിളിയിലും ഒന്നും താൻ വീഴില്ല. തന്റെ മാത്രം ഫ്ലക്സ് വച്ചാൽ അത് ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം. ഫ്ലക്സ് വയ്ക്കുകയാണെങ്കിൽ എല്ലാ നേതാക്കളുടെയും ചിത്രം വേണം.
തന്റെ മാത്രം ചിത്രമുള്ള ഫ്ലക്സ് ഉണ്ടെങ്കിൽ അത് ഇന്ന് തന്നെ മാറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര വിജയത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിലടക്കം തുടർച്ചയായ തോൽവിക്ക് ശേഷം ഉണ്ടായ ജയമാണ് തൃക്കാക്കരയിലേത്. ഇതൊരു തുടക്കം മാത്രമാണ്.
ഒന്നും ഇവിടെ അവസാനിക്കുന്നില്ലെന്ന് മാത്രമാണ് തനിക്ക് ആവർത്തിക്കാനുള്ളത്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
വിശ്രമമില്ലാതെ പ്രവർത്തിക്കണമെന്നാണ് തനിക്ക് പ്രവർത്തകരോട് പറയാനുള്ളത്. അതിന് വേണ്ട ആത്മവിശ്വാസമാണ് തൃക്കാക്കര വിജയത്തിലൂടെ ജനങ്ങൾ നൽകിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.