സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്താൻ മരം മുറിക്കുന്നതിനു തമിഴ്നാടിനു അനുമതി നൽകിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം.
തമിഴ്നാടിന് അനുകൂലമായി സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ കാര്യമാണ് സർക്കാർ ചെയ്തതെന്ന് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.
സുപ്രീം കോടതിയുടെ മേൽനോട്ട സമിതിയുടെ വരെ ചുമതലയുള്ള മുല്ലപ്പെരിയാർ വിഷയത്തിൽ ഉദ്യോഗസ്ഥർ മാത്രം തീരുമാനമെടുത്ത് ഉത്തരവിറക്കിയെന്ന വാദം അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും അറിയാതെ ഉത്തരവിറങ്ങിയെന്നത് സംശയാസ്പദമാണ്.
ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും വീഴ്ചകളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നിട്ടും വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിനു മറുപടി നൽകിയത്. സർക്കാരിന്റെ നിലപാടിനു വിരുദ്ധമായ കാര്യങ്ങൾ ഉദ്യോഗസ്ഥരാണ് ചെയ്തതെന്നു മന്ത്രി പറഞ്ഞു.
സംസ്ഥാന താത്പര്യത്തിനു വിരുദ്ധമായത് ഒന്നും ചെയ്തിട്ടില്ല. 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. ഇന്നലെയാണ് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കാര്യം ശ്രദ്ധയിൽ പെട്ടത്.
അവധി ദിവസമായിട്ടു കൂടി അറിഞ്ഞ ഉടൻ തന്നെ സർക്കാർ നടപടിയെടുത്തു. വിവാദ ഉത്തരവ് മരവിപ്പിക്കുകയും ചെയ്തെന്നും മന്ത്രി വിശദമാക്കി.
പലതവണ ഉന്നയിച്ച വിഷയമാണെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ച സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞത്. സബ്മിഷനായി ഉന്നയിച്ചാൽ പോരേയെന്നും സ്പീക്കർ ചോദിച്ചു.
എന്നാൽ, വിഷയം സർക്കാരിന്റെ ഗുരുതരമായ വീഴ്ചയുമായി ബന്ധപ്പെട്ടതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.