തിരുവനന്തപുരം: തീരദേശത്ത് അഞ്ചു വർഷം കൊണ്ട് 5000 കോടി രൂപയുടെ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
അഞ്ച് വർഷം കൊണ്ട് കടലാക്രമണം കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനത്ത് പത്ത് ഇടങ്ങളിൽ കടൽത്തീരം ശോഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തീരങ്ങളിൽ ടെട്രാപാഡ് സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.
ശംഖുമുഖത്തോട് അവഗണന ഇല്ലെന്നും മത്സ്യത്തൊഴിലാളികളുടെ ഏതൊരു വിഷമവും സംസ്ഥാനത്തിന്റെയാകെ വിഷമമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശംഖുമുഖം റോഡ് പൂർണമായി തകർന്നു. നാലുകൊല്ലം കഴിഞ്ഞിട്ടും ഇവിടെ റോഡ് നിർമാണത്തിന് സർക്കാർ ഒന്നും ചെയ്തില്ല. അധികാരികളുടെ കൺമുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികൾ മരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ചെല്ലാനത്തും സ്ഥിതി രൂക്ഷമാണെന്നും പരന്പരാഗത രീതികൾ കൊണ്ട് തീരം സംരക്ഷിക്കാൻ കഴിയില്ലെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.മഴ തീർന്നാൽ തീര സംരക്ഷണ നടപടികൾ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും സഭയിൽ അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷം മുഖ്യമന്ത്രി തീര സംരക്ഷണത്തിന് എന്താണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. വീട് നഷ്ടപെട്ട തീരവാസികൾക്ക് പ്രത്യക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടിയന്തര പ്രമേയത്തിന് പിന്നീട് സ്പീക്കർ എംബി രാജേഷ് അനുമതി നിഷേധിച്ചു. ഇതേത്തുടർന്നു പ്രതിപക്ഷം സഭ വിട്ടിറങ്ങി.