ചങ്ങനാശേരി: പ്രതിപക്ഷനേതാവ് വി.ഡി.സതീശനെതിരേ കടുത്ത വിമർശനവുമായി എൻഎസ്എസ് രംഗത്ത്. മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലാണ് രൂക്ഷവിമർശനം ഉയർത്തിയത്.
പ്രതിപക്ഷനേതാവ്, സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോൾ മുതൽ മത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നു പ്രസ്താവന കുറ്റപ്പെടുത്തുന്നു.
കോണ്ഗ്രസിന്റെ പാരന്പര്യം അതാണോയെന്നു നേതൃത്വം വിലയിരുത്തണം. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ മത-സാമുദായിക സംഘടനകൾ ഇടപെടാൻ പാടില്ല.
എന്നാൽ, അവരുടെ പ്രവർത്തനം വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികൾക്കുള്ളതുപോലെ മത-സാമുദായിക സംഘടനകൾക്കും ഉണ്ടെന്നു മനസിലാക്കണം.
പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടതു കെപിസിസിയാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെപിസിസി നിലപാട് വ്യക്തമാക്കണം.
ആവശ്യം വരുന്പോൾ മത-സാമുദായിക സംഘടനകളെ സമീപിക്കുകയും സഹായം അഭ്യർഥിക്കുകയും അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല.
ഈ തിരഞ്ഞെടുപ്പിൽ മുന്നണി വ്യത്യാസമില്ലാതെ ബഹുഭൂരിപക്ഷം സ്ഥാനാർഥികളും എൻഎസ്എസിൽ വന്നു സഹായം തേടി.
തിരഞ്ഞെടുപ്പു ദിനത്തിൽ ഉണ്ടായ എൻഎസ്എസ്സിന്റെ അഭിപ്രായ പ്രകടനം വിവാദമാക്കിയെങ്കിലും യഥാർഥത്തിൽ അത് ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ എതിരല്ല.
പ്രതിപക്ഷ നേതാവും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സഹായം അഭ്യർഥിച്ച് എൻഎസ്എസ് ആസ്ഥാനത്ത് എത്തി ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്.
അതിനു ശേഷം താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യർഥിച്ചു.
എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തുന്നതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആരോപിച്ചു.
ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാവിധി അവരെ അറിയിക്കും – അദ്ദേഹം പറഞ്ഞു.