പാലക്കാട്: സ്വാശ്രയ മാനേജ്മെന്റിന് അഴിമതി നടത്താൻ കൂട്ടുനിൽക്കുകയാണ് ഇടതുമുന്നണി സർക്കാരെന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എംഎൽഎ. സ്വാശ്രയ കോളജുകളിൽ പ്രശ്നം ഉണ്ടായപ്പോൾ ഇരകൾക്ക് ഒപ്പമല്ല വേട്ടക്കാർക്ക് ഒപ്പമാണ് പിണറായി സർക്കാർ നിലകൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബിൽ ഇടതുസർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ സം ബന്ധിച്ചു വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു കാലത്ത് സ്വാശ്രയ കോളജുകൾക്കെതിരെ സമരം നടത്തിയവരാണ് സിപിഎം. നാലുവർഷക്കാലത്തിനിടയിൽ 48,000 രൂപ മാത്രം ഫീസ് വർധന നടത്തിയ ഉമ്മൻചാണ്ടി സർക്കാരിനെതിരേ ഇവർ സമരം നടത്തി. ഇപ്പോൾ ഒരു വർഷത്തിനിടയിൽ 65,000 രൂപയാണ് ഫീസ് വർധിപ്പിച്ചത്. എംബിബിഎസ് കോഴ്സിന് ഇനിയും ഫീസ് വർധിപ്പിക്കും.
പിജി കോഴ്സിനാവട്ടെ ലക്ഷങ്ങൾ വേണ്ടിവരും. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് ഇപ്പോൾ കെഎസ്ടിഎ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സമസ്ത മേഖലയിലും പിണറായി സർക്കാർ പൂർണപരാജയമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
അഴിമതിയിൽനിന്ന് കേരളത്തെ ശുദ്ധീകരിക്കുമെന്നു പറഞ്ഞാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. എന്നാൽ അഴിമതിക്കാരനായ ആർ. ബാലകൃഷ്ണപിള്ളയ്ക്കു കാബിനറ്റ് പദവി നൽകി.
സർക്കാരിന് അപവാദമായി രണ്ടു മന്ത്രിമാർ രാജിവച്ചു; ഇ.പി.ജയരാജൻ ബന്ധുനിയമനത്തിലും ശശീന്ദ്രൻ പെണ്വിഷയത്തിലും. ഇപ്പോഴുള്ള ഒരു മന്ത്രിയാവട്ടെ കൊലപാതക കേസിൽ വിചാരണയിലാണ്. ഇതിനുപുറമെ ഫിഷറീസ് മന്ത്രി വിജിലൻസിന്റെ അന്വേഷണ പരിധിയിലും. മറുഭാഗത്ത് ഉദ്യോഗസ്ഥർ തമ്മിൽ തമ്മിലടിക്കുകയാണ്. ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിതിരിവ് പ്രകടനമാണ്. അക്ഷരാർത്ഥത്തിൽ ഭരണസ്തംഭനമാണ് ഇവിടെയെ ന്നും സതീശൻ പറഞ്ഞു.