കൊച്ചി: ആർഎസ്എസ് അയച്ച വക്കീൽ നോട്ടീസ് അർഹിക്കുന്ന അവഗണനയോടെ തള്ളുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊച്ചിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസ് തനിക്ക് അയച്ചിരിക്കുന്നത് വിചിത്രമായ നോട്ടീസാണ്.ഗോൾവാക്കറുടെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിലെ ആശയങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്.
താൻ അതിൽ ഉറച്ചു നിൽക്കുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമനടപടിയെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. താൻ ഏതു നിയമനടപടിയും നേരിടാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോൾവാൾക്കറിന്റെ പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിന് എതിരെയാണ് ആർഎസ്എസ് നോട്ടീസ് അയച്ചിരിക്കുന്നത്.
ആർഎസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോൾവാൾക്കറിന്റെ ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകത്തിൽ സജി ചെറിയാൻ പറഞ്ഞ അതേവാക്കുകൾ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
എന്നാൽ ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്ട്സിൽ സജി ചെറിയാൻ പറഞ്ഞ വാക്കുകളില്ലെന്ന് ആർഎസ്എസ് നോട്ടീസിൽ പറയുന്നു.
സജി ചെറിയാൻ പറഞ്ഞ അതേ വാക്കുകൾ ബഞ്ച് ഓഫ് തോട്ട്സിൽ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിൻവലിക്കണം. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിലുള്ളത്.