കൊച്ചി: മകൾ എസ്എഫ്ഐയിൽ ചേർന്നെന്ന വ്യാജപ്രചാരണത്തിനെതിരേ കോണ്ഗ്രസ് എംഎൽഎ വി.ഡി.സതീശൻ രംഗത്ത്. മകളുടെ പേരിൽ നടക്കുന്ന പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുവാൻ മകളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതു ദൗർഭാഗ്യകരമാണെന്നും സതീശൻ പറഞ്ഞു.
എന്റെ മകൾ എസ്എഫ്ഐയിൽ ചേർന്നു എന്ന വ്യാജ പ്രചരണം ഇന്നു രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇത് ശുദ്ധ അസംബന്ധമാണ്. അവൾ കോളേജിലെ കെഎസ് യു പ്രവർത്തകയാണ്. കോളേജിലെ കെഎസ് യു യൂണിറ്റ് ജനസേവ ശിശുഭവനിൽ കുട്ടികൾക്കു സൗജന്യമായി ട്യൂഷൻ എടുക്കുവാൻ പോയപ്പോൾ അവൾ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീർത്തിപ്പെടുത്തുവാൻ എന്റെ മകളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ദൗർഭാഗ്യകരമാണ്- സതീശൻ പറയുന്നു.
താൻ ബിജെപിയിൽ ചേരുന്നു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർ തന്നെയാണ് ഈ പ്രചാരണങ്ങൾക്കു പിന്നിലെന്നും മതേതര നിലപാട് ഉയർത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാർ തന്റെ വീട്ടിലേക്കു മാർച്ച് നടത്തുന്ന സമയത്താണ് ഈ വിവാദങ്ങൾക്കു മറുപടി പറയേണ്ടി വരുന്നതെന്നും സതീശൻ കുറ്റപ്പെടുത്തുന്നു.