കടുത്തുരുത്തി: ബാങ്ക് വായ്പയിലേക്ക് അടച്ചപണം ബാങ്ക് രേഖകളിൽ ചേർക്കാതിരുന്നതിനെതിരേ ഇടപാടുകാരി നൽകിയ പരാതിയിൽ ബാങ്ക് മാനേജർക്കെതിരേ കോടതി കേസെടുത്തു.
കുറുപ്പന്തറ ഫെമിന ഗാർമെന്റ്സ് ഉടമയായ മോൽ സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ ബാങ്ക് ഓഫ് ബറോഡ കുറുപ്പന്തറ ശാഖ മുൻ മാനേജർക്കെതിരേയാണ് വൈക്കം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്.
കേസിന്റെ തുടർനടപടികൾ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുമെന്നും മുൻ ബാങ്ക് മാനേജരോട് ഓഗസ്റ്റ് പത്തിന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചതായും പരാതിക്കാരിയുടെ അഭിഭാഷകനായ സുപ്രീകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. മത്തായി ഈപ്പൻ വെട്ടത്ത് അറിയിച്ചു.
സംഭവം സംബന്ധിച്ചു പരാതിക്കാരിയുടെ വിശദീകരണമിങ്ങനെ: ഭർത്താവ് സെബാസ്റ്റ്യന്റെ പേരിൽ കുറുപ്പന്തറ ശാഖയിൽ നിന്നെടുത്ത വായ്പയിലേക്ക് ഇവർ 17/10/2013ൽ 1,39,300 രൂപ അടച്ചു.
ഈ തുക ബാങ്ക് മാനേജർ വാങ്ങിയെടുത്തശേഷം പാസ് ബുക്കിൽ കന്പ്യൂട്ടർ എൻട്രിയായി പതിച്ചു നൽകി.
പിന്നീട് മൂന്നു വർഷത്തിനുശേഷം ഈ മാനേജർ സ്ഥലം മാറി പോവുകയും പുതിയ ആൾ വന്നശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് ലോണ്‍ കുടിശികയുള്ളതായി കാണിച്ചു നോട്ടീസ് ലഭിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പു നടന്നതായി പരാതിക്കാരി അറിയുന്നത്.
രേഖകൾ പരിശോധിച്ചെങ്കിലും ബാങ്ക് രേഖകളിൽ പണം അടച്ചതായി കാണാതെ വന്നതോടെ പരാതിക്കാരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.