ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില് വെടിയുതിര്ത്തവര് എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്ക്കൊപ്പം രാമനുണ്ടാവില്ലന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ഇക്കാര്യം വി. ഡി. സതീശൻ പറഞ്ഞത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില് വെടിയുതിര്ത്തവര് എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്, ബിര്ളാ മന്ദിറിലെ ആ നടവഴിയില് 75 വര്ഷമായി കണ്ണില് ചോരയും തീയുമായി രാമന് നില്ക്കുന്നുണ്ട്.
വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും അന്തസത്തയെ ചോദ്യം ചെയ്യുന്നതാണ്. സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ല. ഉള്ളത് ചില കുറുക്ക് വഴികളാണ്.
കാലമെത്ര കഴിഞ്ഞാലും കൊലയാളികള്ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ എന്നോർക്കുക. ഗുരുഹത്യ നടത്തിയവർ നീതിമാന്റെ മുഖം മൂടി ധരിച്ച് വരുമ്പോൾ അത്തരക്കാരോട് കോണ്ഗ്രസിന് ഒരിക്കലും സന്ധിയില്ലപോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
അതേസമയം, പ്രാർത്ഥനയോടെയും ജയ് ശ്രീറാം വിളികളോടെയും അയോധ്യ ശ്രീരാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നു. തിങ്കൾ ഉച്ചയ്ക്ക് 12.20നാണ് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചത്. 12.29:08 മുതൽ 12.30:32 വരെ 84 സെക്കൻഡ് നേരത്തേക്കായിരുന്നു പ്രധാന പ്രതിഷ്ഠാ ചടങ്ങുകൾ. ഭാരതീയ പാരന്പര്യത്തിലെ 125 ശാഖകളിൽനിന്നുള്ള സന്യാസിമാരും ഏഴായിരത്തോളം പ്രത്യേക ക്ഷണിതാക്കളും ചടങ്ങിൽ പങ്കാളികളായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നിർത്യഗോപാൽ ദാസ് മഹാരാജ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ചലച്ചിത്ര, കായിക ലോകത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ സുവർണനിമിഷങ്ങൾക്കു സാക്ഷിയായി.