കൊച്ചി: ബാർ കോഴ ആരോപണത്തിൽ സർക്കാരിനോട് ആറ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്. പറവൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വി. ഡി സതീശൻ ചോദ്യങ്ങളുന്നയിച്ചത്.
1. ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ മറികടന്നത് എന്തിന്?
2. ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?
3. ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കള്ളം പറഞ്ഞതെന്തിന്?
4. ഡിജിപിക്ക് എക്സൈസ് മന്ത്രി നല്കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ?
5. കെ. എം മാണിക്കെതിരേ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. ആ മാതൃക സ്വീകരിക്കാത്തതെന്ത്?
6. സര്‍ക്കാരിനെതിരേ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?
മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്ന മന്ത്രിമാരുടെ പ്രസ്താവന പച്ചക്കള്ളമെന്ന് സതീശന് വിമര്‍ശിച്ചു. മദ്യനയം സംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസമായി കൂടിയാലോചനകള്‍ നടന്നിട്ടുണ്ട്. ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത പ്രതിമാസ യോഗത്തില്‍ മദ്യനയത്തിലെ മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
മെയ് 21-ന് ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തു. ഓൺലൈനായി നടത്തിയ ആ യോഗത്തിന്റെ ലിങ്ക് തന്റെ കൈവശമുണ്ടെന്നും സതീശൻ വ്യക്തമാക്കി. അന്നത്തെ യോഗത്തില്‍ ഡ്രൈഡേ മാറ്റുന്നതിനെക്കുറിച്ചും ബാറിന്റെ സമയപരിധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് പണപ്പിരിവിന് നിര്‍ദേശം നല്‍കിയതെന്നും സതീശന് ആരോപിച്ചു.