കോഴിക്കോട്: വിവാദപ്രസ്താവനകളും അസുഖവും മൂലം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതിരോധത്തിലായപ്പോൾ മാസ് എന്‍ട്രിയും തട്ടുപൊളിപ്പൻ ഡയലോഗുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇന്നലെ തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയായിരുന്നു സതീശന്റെ തകർപ്പൻ പ്രകടനം. യുവാക്കളുടെയടക്കം പിന്തുണ നേടി പാർട്ടിക്കുള്ളിലും പ്രതിപക്ഷത്തും ഒന്നാംസ്ഥാനം ഉറപ്പിക്കുകയാണു സതീശൻ.
വിവാദങ്ങളിൽ ആവർത്തിച്ച് അകപ്പെടുന്ന കെ. സുധാകരന്റെ മങ്ങിയ ഇമേജ് സതീശന് കൂടുതൽ കരുത്തേകുന്നു. അടുത്തിടെ നടത്തിയ ആര്‍എസ്എസ് അനുകൂലമെന്നു തോന്നിക്കുന്ന പ്രസ്താവനയും സുധാകരനു വിനയായി. അതിനിടെ അമേരിക്കയിൽ ചികിത്സ തേടാൻ ഒരുങ്ങുകയാണ് അദ്ദേഹം. കെപിസിസി പ്രസിഡന്റിന്റെ ചുമതല ആർക്കും കൈമാറാതെയാണു സുധാകരൻ അവധിയിൽ പോകുന്നത്. പാർട്ടി അധ്യക്ഷന്റെ റോളും ഇതോടെ സതീശനാകുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മുന്‍പ് കോൺഗ്രസിനും പ്രതിപക്ഷത്തിനുമെതിരായ സിപിഎമ്മിന്റെ നീക്കങ്ങൾക്കും വിമർശനങ്ങൾക്കും അതേനാണയത്തില്‍ കെ. സുധാകരന് മറുപടി നല്‍കിയിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർ സുധാകരനെ ടാർജറ്റ് ചെയ്ത് ആക്രമിച്ചാണ് ഇതിനെ നേരിട്ടിരുന്നത്. അതിനിടെ തട്ടിപ്പു കേസിലടക്കം അദ്ദേഹം പ്രതിയായി.
സംഘപരിവാർ അനുകൂലിയെന്ന ലേബൽ ചാർത്തിക്കൊടുക്കാനും സിപിഎം ബോധപൂർവം ശ്രമിച്ചിരുന്നു. ആര്‍എസ്എസ് അനുകൂല പ്രസ്താവനയ്ക്ക് സുധാകരനെ പ്രതിക്കൂട്ടിലാക്കാൻ സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻതന്നെ കഴിഞ്ഞ ദിവസം രംഗത്തിറങ്ങി.
സുധാകരന്റെ വിവാദ പ്രസ്താവനകൾ കോൺഗ്രസിനുള്ളിലും യുഡിഎഫിൽ മുസ് ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികൾക്കിടയിലും പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ഇവയേക്കാൾ അസുഖമാണ് സുധാകരനെ പിന്നോട്ടു വലിക്കുന്നത്. ആ വിടവിലേക്കാണ് സതീശന്റെ എൻട്രി.
അതേസമയം, ഇന്നലെ തലസ്ഥാനത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിലെ അക്രമസംഭവങ്ങളും അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകളും ആയുധമാക്കാനൊരുങ്ങുകയാണ് സിപിഎം. വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരേ സിപിഎം നേതാക്കള്‍ അതിശക്തമായാണ് രംഗത്തുവന്നത്.
മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. രാജീവ് , എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് എന്നിവര്‍ പ്രതിപക്ഷനേതാവിനെ മുന്‍പൊന്നും ഇല്ലാത്ത രീതിയില്‍ വിമര്‍ശിക്കുകയായിരുന്നു. നവകേരള സദസിന്റെ ആരംഭം മുതല്‍ വി.ഡി. സതീശന് സര്‍ക്കാരിനെതിരേ തുടര്‍ച്ചയായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. നവകേരള സദസ് ഓരോ ജില്ലയില്‍ പ്രവേശിക്കുമ്പോഴും പ്രതിപക്ഷം ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും. പല ഘട്ടത്തിലും നവകേരള സദസിന്റെ പ്രധാന്യം പോലും അപ്രസക്തമാക്കുന്ന രീതിയിലായിരുന്നു ഇത്.