കോട്ടയം: കോണ്‍ഗ്രസ്മുക്ത ഭാരതത്തിനു പരിശ്രമിക്കുന്ന ബിജെപിക്കു കുടപിടിച്ചുകൊടുക്കുന്ന സമീപനമാണു സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും കുറ്റപ്പെടുത്താനാണു പിണറായി എപ്പോഴും ശ്രമിക്കുന്നത്.
രാഹുല്‍ഗാന്ധിക്കെതിരേയും കോണ്‍ഗ്രസിനെതിരേയും നട്ടാല്‍ കുരുക്കാത്ത നുണകള്‍ മുഖ്യമന്ത്രി എല്ലാ ദിവസവും പറഞ്ഞു ബിജെപിയെ പ്രീതിപ്പെടുത്തുകയാണ്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നത്.
കേന്ദ്ര ഭരണത്തെയും ബിജെപിയും സന്തോഷിപ്പിച്ച് ഇതില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി വിരുദ്ധതയും കോണ്‍ഗ്രസ് വിരുദ്ധതയും മുഖ്യമന്ത്രി എപ്പോഴും പറയുന്നത്. കഴിഞ്ഞ തവണ കൈവിട്ടുപോയ ആലപ്പുഴയും മുന്നണി മാറ്റത്തില്‍ നഷ്ടപ്പെട്ട കോട്ടയവും ഉള്‍പ്പെടെ 20ല്‍ 20 സീറ്റും നേടും.
മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്. ബിജെപിക്ക് ഇടമില്ല. ബിജെപിക്ക് ഇടമുണ്ടാക്കാനാണ് സിപിഎം ശ്രമം. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാമതെത്തുമെന്നും ബിജെപി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കന്മാരാണെന്നുമാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞത്. അവിശുദ്ധ ബാന്ധവമാണു നടക്കുന്നത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയും എല്‍ഡിഎഫ് കൺവീനറും ബിസിനസ് പാര്‍ട്ണര്‍മാരാണ്.
തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഭരണനേട്ടംപോലും പറയാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ ക്ഷേമ പെന്ഷന് അവകാശമല്ലെന്നും എത്ര തുക എപ്പോള്‍ വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം സര്ക്കാരിനാണെന്നുമാണു പറഞ്ഞത്.
ദാര്യമല്ല കടമയാണു പെന്‍ഷനെന്നു മുഖ്യമന്ത്രി മനസിലാക്കണം. എട്ടു മാസത്തെ കുടിശികയുള്ളപ്പോഴാണ് ഒരു മാസത്തെ പെന്ഷന് നല്‍കിയിരിക്കുന്നത്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഒന്നും നല്‍കുന്നില്ല.
കേന്ദ്രത്തില്‍നിന്ന് 56,000 കോടി രൂപ കിട്ടാനുണ്ടെന്നു പറഞ്ഞു നവകേരള സദസില്‍ മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പ്രസംഗിച്ചു നടന്നു. എന്നിട്ട് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇക്കാര്യം പറഞ്ഞില്ല. പകരം കടം കൂടുതല്‍ എടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍നിന്നു കിട്ടാനുണ്ടെന്നു പറഞ്ഞുനടക്കുന്ന കണക്ക് കള്ളക്കണക്കാണെന്നും സതീശൻ പറഞ്ഞു.