തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ മിടുക്കനാണെന്നും തന്റെ ഭാര്യക്കെതിരേ പ്രചരിക്കുന്ന ഫോട്ടോക്ക് പിന്നിൽ സതീശനാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരേയും അശ്ലീല വീഡിയോ ഇറക്കിയിരുന്നു.
ബിജെപിയുമായി സതീശൻ ചർച്ച നടത്തിയിട്ടുണ്ടെന്നും സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പുനർജനിയുടെ പേരിൽ പിരിച്ച പണം വി.ഡി. സതീശൻ എന്ത് ചെയ്തെന്ന് പറയണം. ഒരു വീടും സതീശൻ നിർമിച്ച് നൽകിയില്ല. കേരളത്തിൽ എൽഡിഎഫിന് അനുകൂലമായ തരംഗമാണ്.
20 ലോക്സഭ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികൾ സജീവമായി രംഗത്തുണ്ട്. ബിജെപി സർക്കാരിന്റെ ഭരണം അവസാനിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. മതധ്രുവീകരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനെ ജനങ്ങൾ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.