തിരുവനന്തപുരം: ഗവർണറേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണർക്കെതിരേ നടത്തിയ പ്രതിഷേധങ്ങളിൽ നടപടിയില്ല. സർക്കാരാണ് പ്രതിഷേധക്കാർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത്. എത്ര നാളായി ഈ രാഷ്ട്രീയ നാടകമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാരിന് ഇരട്ടത്താപ്പാണ്. മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം പാടില്ല. ഗവർണർക്ക് സുരക്ഷ നൽകേണ്ട സർക്കാരും മുഖ്യമന്ത്രിയും ഗവർണറെ വഴിയിൽ തടയാൻ വിദ്യാർഥി സംഘടനയെ പറഞ്ഞുവിടുന്നു. രാഷ്ട്രീയ നാടകമാണ് ഇവിടെ നടക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.
എല്‍പി സ്കൂളിലെ കുട്ടികളെപ്പോലെയാണ് ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം കണ്ടാല്‍ മിണ്ടാതിരിക്കുന്നത്. ഈ തമാശ കണ്ട് ജനം ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചിട്ട് മുഖ്യമന്ത്രി ഒരക്ഷരം പറഞ്ഞില്ല. റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ കടന്നാക്രമണം നടത്തിയത് മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോഴാണ്. റിപ്പബ്ലിക് ദിന സന്ദേശത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സംസ്ഥാന സർക്കാരിനെതിരേയും പിണറായി വിജയനെതിരേയും രൂക്ഷ വിമർശനം നടത്തി എന്നിട്ടും മുഖ്യമന്ത്രി ഒരക്ഷരംപോലും മിണ്ടിയില്ലെന്നും സതീശൻ ആരോപിച്ചു.
ഗവർണർക്കെതിരേയും കേന്ദ്രസർക്കാരിനെതിരേയും സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് കേരളത്തിന്റെ മുഖ്യമന്ത്രി ജീവിക്കുന്നത്. ഡല്‍ഹിയില്‍ കേന്ദ്ര വിരുദ്ധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് അത് പൊതുസമ്മേളനമാക്കി മാറ്റിയെന്നും സതീശന് വിമര്‍ശിച്ചു.