കോട്ടയം: നവംബർ 18ന് തുടങ്ങിയ നവകേരള സദസിനെതിരേ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്-കെഎസ്യു പ്രവർത്തകർ നാടാകെ നടന്ന് അടിമേടിക്കുകയാണ്. തല്ലുകിട്ടിയിട്ടും പോരാട്ടവീര്യം ചോരാതെ പ്രതിഷേധിക്കുന്ന യുവനേതാക്കൾക്കും പ്രവർത്തകർക്കും നിലവിൽ കലിപ്പ് തല്ലിയ ഇടത് യുവജന സംഘടനകളോടോ സിപിഎമ്മുകാരോടോ അല്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണ്.
പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഷൂ എറിഞ്ഞ സമരത്തെ തള്ളിപ്പറഞ്ഞ സതീശനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ.യദുകൃഷ്ണനും അരുൺ രാജേന്ദ്രനും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന പ്രസ്താവന നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ ആവശ്യം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞ് ചില്ലു തകർത്ത് നെറ്റി മുറിച്ചപ്പോൾ ഉണ്ടാകാത്ത വൈകാരിക പ്രതികരണമെന്നും ഷൂ ഏറ് പ്രതിഷേധത്തോട് കാട്ടേണ്ടതില്ലെന്നാണ് കെഎസ്യു നേതൃത്വത്തിന്റെ ഓർമ്മപ്പെടുത്തൽ. പിണറായിക്കെതിരേ ഷൂ എറിഞ്ഞപ്പോൾ സിപിഎമ്മിനോ ഡിവൈഎഫ്ഐക്കോ ഉണ്ടാകാത്ത ദുഖമാണ് സതീശനെന്നും യുവനേതാക്കന്മാർ കുറ്റപ്പെടുത്തുന്നു.
ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്തിയ കെഎസ്യു പ്രവർത്തകരെ സിപിഎം ക്രിമിനൽ സംഘം വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് പെരുമ്പാവൂരിൽ നടന്നത്. ഇത്തരം പ്രതിഷേധം സംസ്ഥാന വ്യാപകമായി തുടരുമെന്ന തീരുമാനം കെഎസ്യു സ്വീകരിച്ചിട്ടില്ല. ഈ സമരരൂപത്തിലേക്ക് പ്രവർത്തകരെ എത്തിച്ചത് സിപിഎം തന്നെയാണെന്നും കെഎസ്യു നേതൃത്വം വിശദീകരിക്കുന്നു.
ഷൂ ഏറ് സമരം തുടരുമെന്ന് ഞായറാഴ്ച പറഞ്ഞ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ തിങ്കളാഴ്ച പുലർന്നപ്പോൾ വാക്കുവിഴുങ്ങിയതിലും സംഘടനയ്ക്കുള്ളിൽ മുറുമുറുപ്പുണ്ട്. സംസ്ഥാന അധ്യക്ഷന്റെ നിലപാട് മാറ്റം നാണക്കേടായെന്നും പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയ പ്രവർത്തകരുടെ മനോവീര്യം ചോർത്തുന്നതാണെന്നും ആക്ഷേപമുണ്ട്. സംസ്ഥാന അധ്യക്ഷനെതിരേ കെഎസ്യു സംസ്ഥാന കമ്മിറ്റിയിലെ ഭൂരിഭാഗത്തിനും കടുത്ത വിയോജിപ്പാണ്.
സതീശനെതിരേ പരസ്യ നിലപാട് സ്വീകരിച്ച യദുകൃഷ്ണനും അരുൺ രാജേന്ദ്രനും ഐ ഗ്രൂപ്പ് പ്രതിനിധികളാണ്. രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരായ യുവ നേതാക്കൾ പ്രതിപക്ഷ നേതാവിനെതിരേ പരസ്യ നിലപാട് സ്വീകരിച്ചത് കോൺഗ്രസിനുള്ളിൽ പുതിയ ഗ്രൂപ്പ് പോരിനും കളമൊരുക്കിയിരിക്കുകയാണ്.