തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഒന്നാം പ്രതിയാക്കിയെടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം എടുക്കില്ലെന്ന തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. ജയിലില്‍ പോകുന്നതിനു മടിയില്ല എന്തിനും തയ്യാറാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ഡിജിപി ഓഫിസ് മാർച്ചിലാണ് ശനിയാഴ്ച സംഘർഷം ഉണ്ടായത്.
നവംബർ 18ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസിന് ശനിയാഴ്ച തലസ്ഥാനത്ത് സമാപനം കുറിക്കുന്നതിനിടയിലാണ് രാവിലെ പത്തിന് ഡിജിപി ഓഫിസിലേക്കു കോൺഗ്രസ് മാർച്ച് പ്രഖ്യാപിച്ചത്.
നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും പ്രവർത്തകർ തല്ലിത്തകർത്തു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോഴാണ് ടിയർ ഗ്യാസും ജല പീരങ്കിയും പോലീസ് പ്രയോഗിച്ചത്. മാർച്ച് പോർക്കളമായപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് പ്രസംഗം പകുതിയിൽ നിർത്തേണ്ടി വന്നു. പോലീസിന്റെ കണ്ണീർ വാതകത്തിൽ കെ. സുധാകരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.