കൊച്ചി: അക്രമത്തിന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കലാപ ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തിയത്. അതുകൊണ്ട് ഇനി ഒരു നിമിഷം പോലും ആഭ്യന്തര വകുപ്പിന്റെ ചുമതലയോടെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് അര്‍ഹതയില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്. ക്രിമിനൽ മനസുള്ള മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണം. നികൃഷ്ട മനസിനുടമയാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന് പറഞ്ഞു.
ഉടനടി മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന് രാജിവയ്ക്കണം. അധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ മടിയാണെങ്കില്‍ പൊതുമാപ്പ് പറയണമെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
പഴയങ്ങടി സംഘര്‍ഷത്തിന് പിന്നാലെയുള്ള തുടര്‍ പ്രതികരണങ്ങളില്‍ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടേത് ക്രൂരമനസാണ്. കേരളത്തില്‍ രാജഭരണമല്ല. മുഖ്യമന്ത്രി ക്രിമിനലും നികൃഷ്ടനുമാണ്. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടിയിരിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു.
നാട്ടുകാരുടെ പണമാണ് നവ കേരള സദസിന് ഉപയോഗിച്ചത്. നവകേരള സദസ് സര്‍ക്കാര്‍ പരിപാടിയല്ലെന്നും ഇടതുമുന്നണിയുടെ പരിപാടിയെന്നും ഇടതുമുന്നണി കണ്‍വീനറുടെ സര്‍ക്കുലറോടെ കൂടുതല്‍ വ്യക്തമായി.
ഈ അശ്ലീല നാടകം കേരളം മുഴുവന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. എത്ര കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. കെഎസ്ആര്‍ടിസി പെന്‍ഷനും ക്ഷേമപെന്‍ഷനും കൊടുക്കാനില്ലാത്തിടതാണ് ഈ ധൂര്‍ത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തില്‍ മനഃപൂര്‍വമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള അക്രമമാണെന്നാണ് എഫ്ഐആറില്‍ എഴുതിയത്.
വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരേ നിയമ നടപടികള്‍ സ്വീകരിക്കും. മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ മന്ത്രിമാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്.
മുഖ്യമന്ത്രിയുടെ ട്രോളും തമാശയും മന്ത്രിസഭയില്‍ മതി, ജനങ്ങളുടെ നേരെ വേണ്ട. ഉളുപ്പില്ലാത്ത മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സതീശന് പറഞ്ഞു.