കൊച്ചി: “കൊണ്ടുനടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ” എന്ന ഈരടിയാണ് ഇ.പി. ജയരാജനോടു പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നന്ദകുമാറുമായി ജയരാജനു ബന്ധമുണ്ടെന്ന് പിണറായിക്ക് അറിയാം. എന്നിട്ടാണ് മുഖ്യമന്ത്രി നന്ദകുമാറുമായുള്ള ബന്ധം തള്ളിപ്പറഞ്ഞത്. ഇതു നാടകമാണ്.
ഇ.പി. ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ ജയരാജന് കണ്ടതിനെയല്ല മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണു മുഖ്യമന്ത്രി ന്യായീകരിച്ചത്.
ഞാനും എത്രയോ വട്ടം അദ്ദേഹത്തെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന് കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്നു വ്യക്തമാക്കണം.
ലാവ്ലിന്, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ മെസഞ്ചറായാണോ ഇ.പി. ജയരാജന് ജാവദേക്കറുമായി സംസാരിച്ചത്? അതുകൊണ്ടാണ് ജയരാജന്- ജാവദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന് തള്ളിപ്പറയാത്തത്.
സിപിഎം ജീര്‍ണതയിലേക്കാണു പോകുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നു. കൂട്ടുപ്രതിയെ ഒറ്റുകൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
എന്തിനാണ് പ്രകാശ് ജാവദേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്നു സിപിഎം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.