കൊച്ചി: വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ചു സമര്‍ഥമായി കൈകാര്യം ചെയ്യുന്ന നിയമസഭാ സാമാജികൻ. നിലപാടുകളിൽ സ്ഥൈര്യം പുലർത്തുന്ന രാഷ്ട്രീയക്കാരൻ.
ആദര്ശരാഷ്ട്രീയത്തോടൊപ്പം മതേതര മുഖവും കാത്തുസൂക്ഷിക്കുന്ന ജനപ്രതിനിധി. ഗ്രൂപ്പുകള്‍ക്ക് അതീതമായി ചിന്തിക്കുന്ന കോണ്‍ഗ്രസിലെ രണ്ടാംനിരയിലെ പ്രമുഖൻ.
ചുറുചുറുക്കിന്റെ പര്യായം. പി.ടി ചാക്കോയ്ക്കും എ.കെ. ആന്റണിക്കും ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവായി വി.ഡി. സതീശൻ വരുന്പോൾ കോൺഗ്രസിനും യുഡിഎഫിനും പുതിയ മുഖം കൈവരുമെന്നു കരുതുന്നവരിൽ എതിരാളികളും പെടും.
ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള പറവൂരില്‍നിന്നു തുടര്‍ച്ചയായി അഞ്ചാമതും ജയിച്ചുകയറിയാണ് സതീശന് ഇക്കുറി നിയമസഭയിലെത്തുന്നത്.
ഇടതുതരംഗം ആഞ്ഞുവീശിയിട്ടും വീണില്ലെന്നു മാത്രമല്ല, 21,301 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷവും ഈ അന്പത്തിയാറുകാരൻ സ്വന്തമാക്കി. കഴിഞ്ഞ തവണത്തെക്കാള്‍ 667 വോട്ട് കൂടുതല്‍.
പ്രളയകാലത്തുള്‍പ്പെടെ മണ്ഡലത്തില്‍ വി.ഡി. സതീശന് നടത്തിയ ഇടപെടലുകള്‍ക്കു ജനം നല്കിയ അംഗീകാരം.
യുഡിഎഫ് ചരിത്ര വിജയം നേടിയ 2001ലെ ആന്റണി മന്ത്രിസഭയിലും 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും സതീശന് അംഗമായേക്കുമെന്ന ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും ഗ്രൂപ്പ് സമവായങ്ങള്ക്കിടയില്പ്പെട്ട് അവസരം നഷ്ടമായി.
ഗ്രൂപ്പില്ലാത്ത വി.എം. സുധീരന് കെപിസിസിയുടെ തലപ്പത്തേക്കു വന്നപ്പോൾ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട സതീശന് ഇപ്പോഴും ആ സ്ഥാനത്തു തുടരുന്നു.
തിരുത്തൽവാദികൾക്കൊപ്പം ഐ ഗ്രൂപ്പ് താവളത്തിലെത്തുകയും പിന്നീടു ഗ്രൂപ്പിനും പാര്‍ട്ടിക്കും അപ്പുറത്തേക്കു വളരുകയും ചെയ്തെങ്കിലും രണ്ടാം നിരയിൽ തുടരാനായിരുന്നു യോഗം.
2010ലെ ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലോടെയാണ് വി.ഡി. സതീശന് സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുന്നത്. ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ ഐസക്കുമായി ഏറ്റുമുട്ടിയതും സതീശനായിരുന്നു.
കെഎസ് യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച സതീശന് എംജി സര്‍വകലാശാല യൂണിയന് ചെയര്‍മാനും എന്‍എസ് യു ദേശീയ സെക്രട്ടറിയും എഐസിസി സെക്രട്ടറിയുമായിരുന്നു.
25 ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുണ്ട്. സോഷ്യോളജിയിലും നിയമത്തിലും ബിരുദം. ഏറെക്കാലം ഹൈക്കോടതി അഭിഭാഷകനായിരുന്നു. കഴിഞ്ഞ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്മാൻ പദവും വഹിച്ചു.
ആറു പതിറ്റാണ്ട് പിന്നിട്ട കേരള നിയമസഭയുടെ ചരിത്രത്തില്‍ എറണാകുളം ജില്ലയില്‍നിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണു വി.ഡി. സതീശൻ.
കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് 1949ല്‍ തിരുവതാംകൂര്‍ ഭരണാധികാരിയായ പറവൂർ സ്വദേശി ടി.കെ. നാരായണപിള്ളയ്ക്കുശേഷം നാടിനു ലഭിക്കുന്ന മറ്റൊരു വലിയ ബഹുമതി. കൊച്ചി മരട് വടശേരി കുടുംബാംഗമായ സതീശൻ ഇപ്പോള്‍ ആലുവയിലാണു താമസം. ലക്ഷ്മിപ്രിയയാണു ഭാര്യ. മകള്‍: ഉണ്ണിമായ.