തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വാഭാവികമായ നടപടിക്ക് അപ്പുറം ഒന്നും നടന്നിട്ടില്ല. കേന്ദ്ര ഏജൻസികൾ പിണറായിക്കെതിരെ കൃത്യമായി അന്വേഷിക്കാൻ പോകുന്നില്ല. മഞ്ചേശ്വരം കേസിൽ ഉൾപ്പെടെ സുരേന്ദ്രനെ രക്ഷിച്ചെടുത്തതിന്റെ പ്രത്യുപകാരം കിട്ടുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) രേഖപ്പെടുത്തി. ബുധനാഴ്ച ചെന്നൈയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥൻ അരുൺ പ്രസാദാണ് മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്. വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടക്കുന്നത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും വീണാ വിജയൻ ചെയ്യാത്ത സേവനത്തിന്റെ പേരിൽ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്.