പ്രതിപക്ഷ നേതാവ് എങ്ങനെ മറുപടി പറയണമെന്ന് ആരോഗ്യമന്ത്രി പഠിപ്പിക്കേണ്ട കാര്യമില്ലെന്ന് വി.ഡി. സതീശന്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയാണ് ലഭിക്കേണ്ടത്.
ആരോഗ്യമന്ത്രി ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നു. രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതിന്റെ ഉത്തരവാദിത്തം ആരോഗ്യ മന്ത്രി ഏറ്റെടുക്കണം.
കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരെ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കമ്മീഷൻ തട്ടാനാണ് കാലാവധി കഴിഞ്ഞ മരുന്ന് വാങ്ങുന്നതെന്നും വി.ഡി. സതീശന് പരിഹസിച്ചു.
26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. കാലാവധി കഴിഞ്ഞ മരുന്ന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കുകയും അവ ജീവൻ തന്നെ അപഹരിക്കുന്നതിനു കാരണമാകുമെന്നും വി.ഡി. സതീശന് പറഞ്ഞു.
വി.ഡി. സതീശന്റെ ആരോപണത്തോട് ആരോഗ്യമന്ത്രി പ്രതികരിച്ചു. കാര്യങ്ങള്‍ അറിയാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിക്കുന്നതെന്നാണ് വീണാ ജോര്‍ജിന്റെ മറുപടി.
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല. സിഎജി റിപ്പോർട്ട് ഡ്രാഫ്റ്റ് മാത്രമാണെന്നും വീണാ ജോർജ് പറഞ്ഞു.
കാലഹരണപ്പെട്ട മരുന്നുകള്‍ ആശുപത്രികള്‍ നല്‍കുന്നില്ല. പ്രതിപക്ഷ നേതാവ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയാന്‍ പാടില്ല. പ്രതിപക്ഷ നേതാവിന് ചേരുന്ന തരത്തില്‍ അല്ല കാര്യങ്ങള്‍ പറയുന്നത്.
ഇത്തരം പ്രസ്താവനകള്‍ ആളുകളില്‍ ഭയമുണ്ടാക്കുന്നതാണെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. പിന്നാലെയാണ് വി.ഡി സതീശന് രംഗത്തെത്തുന്നത്.