തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ തുക സിപിഎമ്മുകാരുടെ അക്കൗണ്ടിലേക്കു മാത്രം പോകാനുള്ള വല്ല സോഫ്റ്റ്വേറുമുണ്ടോ എന്നാണ് വി.ഡി. സതീശന്റെ സംശയം.
അയ്യനാട് ബാങ്കിൽ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പു നടന്നതിനേക്കുറിച്ചു പറഞ്ഞു വന്നപ്പോഴായിരുന്നു സതീശന്റെ കമന്റ്.
വയനാട്ടിൽ സനൽ എന്നയാൾ ആത്മഹത്യ ചെയ്ത സംഭവത്തേക്കുറിച്ച് എൻ. ഷംസുദ്ദീൻ നോട്ടീസ് നൽകിയ അടിയന്തരപ്രമേയത്തിന്റെ അവതരണാനുമതി തേടിയുള്ള ചർച്ചയാണ് കറങ്ങിത്തിരിഞ്ഞ് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളിലേക്കും ഒഴുകിപ്പടർന്നത്.
സനലിന്റെ വീട് 2018 ലെ പ്രളയത്തിൽ ഭാഗികമായും 2019 ലെ പ്രളയത്തിൽ പൂർണമായും തകർന്നിട്ടും നാളിതു വരെ ഒരു പൈസ പോലും സർക്കാരിൽ നിന്നു കിട്ടിയില്ലെന്നാണ് ഷംസുദ്ദീന്റെ ആക്ഷേപം.
അതു പറഞ്ഞു വന്നാണ് അയ്യനാട് ബാങ്കിലെ ക്രമക്കേടിലേക്കു കടന്നത്. ബാങ്ക് സെക്രട്ടറി ക്രമക്കേടിനു കൂട്ടുനിൽക്കാൻ വിസമ്മതിച്ചപ്പോൾ സിപിഎം നേതൃത്വം സമ്മർദം ചെലുത്തി പണം നൽകുകയായിരുന്നു എന്നും ഷംസുദ്ദീൻ ആക്ഷേപിച്ചു.
കവളപ്പാറയിലും മറ്റും ഉരുൾപൊട്ടലിൽ വീടു നഷ്ടപ്പെട്ടവർ ഇപ്പോഴും ദുരിതാശ്വാസക്യാന്പിൽ കഴിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷംസുദ്ദീന്റെ ആക്ഷേപം മന്ത്രി ഇ. ചന്ദ്രശേഖരൻ ഭാഗികമായി ശരിവച്ചു. സനലിനു പണം സർക്കാർ കൈമാറി എന്നതു സത്യം. സനലിനു പണം കിട്ടിയില്ല എന്നതും സത്യം. കൈമാറിയ പണം തിരിച്ചു വന്നതാണത്രെ. ഇവിടെയാണ് സോഫ്റ്റ്വെയറിന്റെ പ്രശ്നം.
സനലിന്റെ ജനപ്രിയ അക്കൗണ്ടിൽ പരമാവധി അന്പതിനായിരം രൂപ വരെ മാത്രമേ കൈമാറാനാകൂ. അപ്പോൾ പ്രശ്നം സാങ്കേതികമാണ്. അതു പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണു മന്ത്രിയുടെ വാദം.
സിപിഎമ്മുകാർ ക്രമക്കേടു കാട്ടിയാൽ അവർക്ക് ഇരട്ടശിക്ഷ കിട്ടുമെന്ന ഗുണമാണു സിപിഐക്കാരനായ മന്ത്രി കാണുന്നത്. പാർട്ടിയുടെ ശിക്ഷയും കിട്ടും നിയമം അനുശാസിക്കുന്ന ശിക്ഷയും കിട്ടും.
സ്ഥലം എംഎൽഎ എന്ന നിലയിൽ സി.കെ. ശശീന്ദ്രനും സംസാരിക്കാൻ അവസരം ലഭിച്ചു. പ്രതിപക്ഷം പറഞ്ഞതെല്ലാം രാഷ്ട്രീയപ്രേരിതമാണെന്നു ശശീന്ദ്രൻ പറഞ്ഞു.
സനലിന്റെ ആത്മഹത്യയേതുടർന്ന് കോണ്ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിൽ കോണ്ഗ്രസുകാരനായ വാർഡ് മെംബർ പോലും പങ്കെടുത്തില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
ശശീന്ദ്രനു സംസാരിക്കാൻ അവസരം നൽകിയപ്പോൾ പി.ടി. തോമസും എഴുന്നേറ്റു. സ്ഥലം എംഎൽഎ എന്ന പരിഗണനയ്ക്ക് തനിക്കും അർഹതയുണ്ടെന്നാണ് തോമസിന്റെ നിലപാട്.
അയ്യനാട് ബാങ്ക് തന്റെ മണ്ഡലത്തിൽപെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ബാങ്കിൽ 325 അക്കൗണ്ടുകളിലായി 8.15 കോടി രൂപയുടെ തിരിമറി നടന്നതായി തോമസ് ആരോപിച്ചു.
കണ്ടുപിടിക്കപ്പെട്ടത് വെറും 16 ലക്ഷം മാത്രം. ബാങ്ക് ഭരണസമിതി പിരിച്ചു വിടണമെന്നാണ് തോമസിന്റെ ആവശ്യം. ക്രൈംബ്രാഞ്ച് അല്ലാതെ പുറത്തുനിന്നുള്ള ഒരു ഏജൻസി അന്വേഷണം നടത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
ഇതിനിടെ വി.ഡി. സതീശനും എഴുന്നേറ്റു. കേസിൽ പ്രതിയായ പരാതി പരിഹാര സെല്ലിലെ ഉദ്യോഗസ്ഥനെതിരേ വ്യാപക പരാതികൾ ഉയർന്നിരുന്നു എന്നും അയാളെ സെല്ലിൽ നിന്നു മാറ്റണമെന്നു താൻ തന്നെ ഒന്നിലേറെ തവണ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിരുന്നതായും സതീശൻ പറഞ്ഞു.
എന്നാൽ, സിപിഎം നേതൃത്വത്തിന്റെയും ഭരണാനുകൂല പോഷക സംഘടനാ നേതൃത്വത്തിന്റെയും സമ്മർദം മൂലം കളക്ടർക്കു വാക്കു പാലിക്കാൻ കഴിഞ്ഞില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പ്രളയഫണ്ട് തിരിമറിക്ക് രാഷ്ട്രീയമാനങ്ങളുണ്ടെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സ്ഥാപിക്കാനായിരുന്നു സതീശന്റെയും ശ്രമം. പ്രതിപക്ഷ ആരോപണത്തിനു സർക്കാരോ റവന്യുമന്ത്രിയോ വലിയ ഗൗരവമൊന്നും കൊടുത്തു കണ്ടില്ല.
കാര്യങ്ങൾ ഒക്കെ ഭംഗിയായി പോകുന്നുണ്ടെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ പരിഹരിക്കാമെന്നുമുള്ള ഒരു മട്ട്. അയ്യനാട് ബാങ്കിനെതിരേ എന്തുകൊണ്ടു നടപടിയെടുത്തില്ല എന്നായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അതിനു മറുപടി പറയാനെഴുന്നേറ്റ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ നീണ്ട പ്രസംഗത്തിലേക്കു പോയപ്പോൾ പ്രതിപക്ഷ നേതാവിനു ക്ഷമകെട്ടു. അദ്ദേഹം തന്റെ പ്രസംഗം പുനരാരംഭിച്ചു.
ബാങ്ക് ഡയറക്ടർ ബോർഡ് ക്രമക്കേടിനു കൂട്ടു നിന്നെന്ന് ഇടയ്ക്കു കയറി സംസാരിച്ച സതീശൻ വീണ്ടും ആരോപണം ഉന്നയിച്ചു. ഒടുവിൽ വാക്കൗട്ട് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് സീറ്റ് വിട്ടപ്പോൾ മുഖ്യമന്ത്രി എഴുന്നേറ്റു.
അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകി വിഷയം അവതരിപ്പിക്കുകയും പിന്നീട് ഒന്നിനു പിറകെ ഒന്നായി നിരവധി പേർ പ്രസംഗിച്ചു ചർച്ചയാക്കുകയും ചെയ്തതിനെതിരേ ആയിരുന്നു പിണറായിയുടെ പരാതി. അതിൽ കഥയുണ്ടെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും പറഞ്ഞു.
ബാങ്ക് ക്രമക്കേടിന്റെ പേരിൽ സഭയിലില്ലാത്തവരേക്കുറിച്ചു ആരോപണം ഉന്നയിക്കുന്നതിലെ അനൗചിത്യവും സ്പീക്കർ ചൂണ്ടിക്കാട്ടി. നാട്ടിലെ മുഴുവൻ തട്ടിപ്പുകാരെയും സഭയിൽ കൊണ്ടു വന്നിട്ട് ആരോപണം ഉന്നയിക്കാൻ പറ്റുമോ എന്നായിരുന്നു ഡോ. എം.കെ. മുനീറിന്റെ ചോദ്യം.
കന്നുകാലി പരിപാലനത്തിൽ ജയിൽവാസികൾക്കു പരിശീലനം നൽകുന്നതിനായി പി.ജെ. ജോസഫ് മീന, അഭിമന്യു എന്നീ രണ്ടു പശുക്കുട്ടികളെ ഇടുക്കി ജില്ലാ ജയിലിനു സംഭാവന ചെയ്തെന്നു മോൻസ് ജോസഫ് പറഞ്ഞപ്പോൾ മന്ത്രി ജി. സുധാകരന് ഒരു സംശയം. ഒന്നു പശുക്കുട്ടിയും മറ്റൊന്നു കാളക്കുട്ടിയുമാണോ? മോൻസിന് ഉറപ്പു പോരാ.
എങ്കിലും പേരു കേട്ടിടത്തോളം ഒന്നു കാളക്കുട്ടിയാകില്ലേ എന്നു മോൻസ് ചോദിച്ചു. ഏതായാലും പി.ജെ. ജോസഫിനോടു ചോദിച്ച് കൃത്യം വിവരം അറിയിക്കാമെന്ന് മോൻസ് സുധാകരന് ഉറപ്പുനൽകിയിട്ടുണ്ട്.
റിപ്പോർട്ട്: സാബു ജോണ്