തിരുവനന്തപുരം: തൃശൂരിലെ കേരളവർമ കോളജ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് പ്രചതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ശ്രീകുട്ടന്റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. കെഎസ്യു വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരാണെന്നും വി.ഡി.സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
എന്ത് കാരണത്താൽ കെഎസ്യുവി ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ എസ്എഫ്ഐ വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സിപിഎമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ല- വി.ഡി.സതീശൻ കുറിച്ചു.
കഴിഞ്ഞ ദിവസം തൃശൂര്‍ കേരളവര്‍മ കോളേജില്‍ അര്‍ധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് ചെയര്‍മാനായി എസ്എഫ്ഐ സ്ഥാനാര്‍ഥിക്ക് വിജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് ഒരു വോട്ടിന് വിജയിച്ചിരുന്നു. റീകൗണ്ടിംഗിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന് ജയിച്ചത്.