സ്വന്തം ലേഖിക
കണ്ണൂര്‍: തകരാറിലായ വാഹനങ്ങള്‍ അശാസ്ത്രീയമായി കെട്ടിവലിക്കുന്നത് മറ്റ് വാഹനയാത്രക്കാർക്ക് അപകടഭീഷണിയുയർത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ. നിരവധി വാഹനങ്ങൾ കെട്ടിവലിക്കുന്ന വാഹനങ്ങളിൽ തട്ടി അപകടത്തിൽപെടുന്നത്.
പതിവ് കാഴ്ചയാണ്. അധികൃതരോട് പരാതിപെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്.കഴിഞ്ഞ ദിവസം ദേശീയപാത ഏഴിലോട് വച്ച് ഇത്തരത്തില്‍ കടന്നുപോയ വാഹനങ്ങള്‍ക്കിടയില്‍പ്പെട്ട ബൈക്ക് യാത്രികന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ കഴിഞ്ഞ നവംബർ 30ന് രാത്രി മടിക്കൈ സ്വദേശിയായ യുവാവ് മരിക്കാനിടയായതും ഇത്തരം അശാസ്ത്രീയമായ കെട്ടിവലിക്കല്‍ കാരണമാണ്. ആക്രി സാധനങ്ങള്‍ കുത്തിനിറച്ച ഒരു ഗുഡ്സ് ഓട്ടോറിക്ഷ കെട്ടിവലിച്ച പ്ലാസ്റ്റിക്ക് കയറില്‍ കുടുങ്ങി തെറിച്ചു വീഴുകയായിരുന്നു.
മുന്നിലുള്ള പിക്ക് അപ്പ് ജീപ്പ് കെഎസ്ടിപി റോഡ് മുറിച്ചുകടന്നു. പിറകിലുള്ള ഓട്ടോറിക്ഷ കുറുകെ കടക്കാനായി എത്തിയതേയുള്ളൂ. ഇതിനു നടുവിലുള്ള കയര്‍ ശ്രദ്ധിക്കാതെ മടിക്കൈ കണ്ടംക്കുട്ടിച്ചാലിലെ രതീഷ് ഈ റോഡിലൂടെ ബൈക്കോടിച്ചു പോയി.
കയര്‍ ആദ്യം ബൈക്കിലേക്കും അത് വലിഞ്ഞപ്പോള്‍ കഴുത്തിലേക്കും തെന്നിമാറി മുറുകി. തെറിച്ചുവീണ രതീഷ് തല്‍ക്ഷണം മരിച്ചു. അപകടകരമായ രീതിയിലാണ് ഗുഡ്സ് ഓട്ടോറിക്ഷയെ കെട്ടിവലിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ത്തന്നെ പോലീസിനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായിരുന്നു.
എന്നാൽ ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതർ യാതൊരു നടപടിയും എടുത്തില്ല. ക്രമപ്രകാരം പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളൊന്നും പാലിക്കാതെയാണ് വാഹനങ്ങള്‍ ഇത്തരത്തില്‍ കെട്ടിവലിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
വഴിയില്‍ തകരാറിലായ വാഹനങ്ങള്‍ ഉടന്‍ മറ്റൊരു വാഹനം ഉപയോഗിച്ച് കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കൊണ്ടുപ്പോവുകയാണ്. ഇത്തരത്തിൽ നിരവധി അപകടങ്ങളുണ്ടായിട്ടും അധികൃതർ നടപടിയെടുക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്.
പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍
*പിറകിലുള്ള വാഹനത്തെ കോര്‍ത്തിണക്കാന്‍ കയര്‍ ഉപയോഗിക്കരുത്. ഇരുമ്പ് ചങ്ങലയോ അതല്ലെങ്കില്‍ ഇരുമ്പ് കമ്പികള്‍ ഘടിപ്പിച്ചുള്ള സാമഗ്രികളോ വേണം ഇതിനു ഉപയോഗിക്കാന്‍
*കെട്ടിവലിക്കുന്ന ചങ്ങലയില്‍ എല്ലാവരുടെയും ശ്രദ്ധ പതിയുന്ന തരത്തില്‍ റിഫ്ളക്ടീവ് ടാപ്പ് ഒട്ടിക്കണം.
*കെട്ടിവലിക്കുന്ന ചങ്ങലയുടെ നീളം പിറകിലെ വാഹനത്തിന്റെ ആകെ നീളത്തിന്റെയത്രയും വേണം. നീളം അധികമാകുന്നതും അപകടമുണ്ടാക്കും.
*മണിക്കൂറില്‍ 25 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പോകാന്‍ പാടില്ല
*ഇരുവാഹനത്തിന്റെയും നാല് ഇന്‍ഡിക്കേറ്ററുകളും ഒരേസമയം പ്രകാശിപ്പിക്കണം
*ഇരു വാഹനത്തിലും ഒരു തരത്തിലുമുള്ള ലോഡ് ഉണ്ടായിരിക്കരുത്. ലോഡുള്ള വാഹനാമാണ് ചലിക്കാതായതെങ്കില് വലിക്കാന്‍ തുടങ്ങും മുന്‍പേ അതിലെ സാധനങ്ങള്‍ മുഴുവന്‍ മാറ്റണം
*വൈകുന്നേരം ആറുമണിക്കും പുലര്‍ച്ചെ ആറുമണിക്കുമിടയില്‍ മാത്രമേ കെട്ടിവലിക്കല്‍ പാടുള്ളൂ
*അപകടത്തില്‍പ്പെട്ട വാഹനമാണ് കെട്ടിവലിക്കുന്നതെങ്കില് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.