കോട്ടയം: വാഹന പരിശോധനക്കിടെ പോലീസ് കണ്ണുരുട്ടിയെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള വ്യാജപരാതിയുമായി ചെന്നേക്കരുത്. എല്ലാം കാണുന്ന , എല്ലാം കേൾക്കുന്ന മൂന്നാം കണ്ണുമായി പോലീസ് ഉടൻ എത്തും. പോക്കറ്റിലും ബട്ടൻസിലുമൊക്കെ ഘടിപ്പിക്കുന്ന ബോഡി വോണ്‍ കാമറയുമായാണ് ഇനി പോലീസ് ഡ്യൂട്ടിക്കെത്തുന്നത്.
വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്ന സ്ഥലത്ത് ഡ്യൂട്ടി നോക്കുന്ന ഉദ്യോഗസ്ഥരും കാമറ ധരിച്ചാവും പോവുക. അവിടെ നടക്കുന്ന സംഭവങ്ങളും കാമറയിൽ പകർത്തുന്നതിനാൽ പിന്നെ പോലീസിനെതിരേ കള്ള പരാതിയുമായി ചെന്നിട്ട് കാര്യമില്ല. പോലീസുകാർക്കും ഇതൊരു കുടുക്കാണ്. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നു എന്ന് ഉറപ്പുവരുത്താനുമാവും.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് നല്‍കാനായി 400 കാമറകളാണ് വാങ്ങിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ ഒരു ജില്ലയിലേക്ക് 20 കാമറ നല്‍കാനാണ് ആലോചന. മെട്രോ സിറ്റികളിലെ പോലീസിന് 30 കാമറ വീതവും നല്‍കും. കാമറകളുടെ വിതരണം ഉടൻ ഉണ്ടാവും. ലോ ആൻഡ് ഓർഡർ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കും ട്രാഫിക് പോലീസ് ഡ്യൂട്ടിയിലുള്ളവർക്കുമാണ് കാമറ നല്‍കുന്നത്.
ക്രമസമാധാന പ്രശ്നങ്ങളുള്ള സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് ചെല്ലുന്പോൾ ശരീരത്തിൽ ബട്ടണ്‍ രൂപത്തിലുള്ള കാമറ ധരിച്ചാവും എത്തുക. വാഹന പരിശോധനക്കിടെ പോലീസിനെതിരേ ഉയരുന്ന ആരോപണങ്ങളെ പ്രതികരിക്കാനാണ് അടിയന്തരമായി കാമറകൾ വാങ്ങാൻ തീരുമാനിച്ചത്. വാഹന പരിശോധനക്കിടെ പോലീസ് മോശമായി പെരുമാറിയെന്ന ആരോപണം വ്യാപകമായിട്ടുണ്ട്.
ഇതിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ചില ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്പോഴും അവിടെ പോലീസ് മോശമായി പെരുമാറിയെന്ന പരാതി ഉയരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ യഥാർഥ സംഭവം എന്താണെന്ന് അറിയാൻ കാമറ ഉപകരിക്കും. പോലീസിനെതിരേ കല്ലെറിയുന്നവരെയും വാഹനം തകർക്കുന്നവരെയും ഇനി കണ്ടെത്താൻ പ്രയാസമില്ല.