കൽപ്പറ്റ: വാഹന ഇൻഷ്വറൻസ് തുകയിൽ മൂന്നുമാസത്തിനിടെ രണ്ടാമതും വർധന വരുത്തി ഐആർഡിഎ (ഇൻഷ്വറൻസ് റെഗുലേറ്ററിഡെവലപ്മെന്റ് അതോറിറ്റി). ഫെബ്രുവരിയിൽ കൂട്ടിയ 350 രൂപയ്ക്ക് പുറമെയാണ് ജൂണ്‍ ഒന്നു മുതൽ വീണ്ടും 300 രൂപ വർധിപ്പിക്കാനുള്ള ഉത്തരവ് ഐആർഡിഎ പുറപ്പെടുവിച്ചത്. സാന്പത്തിക പരാധീനതകൾക്ക് ഇടയിലാണ് വാഹന ഇൻഷ്വറൻസ് തുക യാതൊരു മാനദണ്ഡവുമില്ലാതെ വർധിപ്പിച്ച് ഐആർഡിഎ ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇൻഷ്വറൻസ് കന്പനികൾ വാഹന ഇൻഷ്വറൻസ് പ്രീമിയത്തിൽ 350 രൂപയുടെ വർധന വരുത്തിയിരുന്നു. വാഹനാപകടത്തിൽ ഉടമ മരണപ്പെട്ടാൽ ലഭിക്കുന്ന തുകയിൽ വർധനവ് വരുത്താനെന്നാണ് വിശദീകരണം. മുൻപ് ഉടമ മരണപ്പെട്ടാൽ നിയമനടപടികളൊന്നുമില്ലാതെ നൽകിയിരുന്ന ഇൻഷ്വറൻസ് തുക ഇരുചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയും മറ്റ് വാഹനങ്ങൾക്ക് രണ്ട് ലക്ഷം രൂപയുമായിരുന്നു.
ഇത് പ്രീമിയം തുകയിൽ 350 രൂപയുടെ വർധന വരുത്തിയതോടെ എല്ലാ വാഹന ഉടമകൾക്കും 15 ലക്ഷം രൂപയാക്കി ഉയർത്തി. നിയമ നടപടികൾ ഒന്നും ഇല്ലാതെയാണ് ഈ തുക വാഹന ഉടമകളുടെ ആശ്രിതർക്ക് ലഭിക്കുകയെന്നാണ് ഇൻഷൂറൻസ് കന്പനികൾ പറയുന്നത്. 350 രൂപയുടെ വർധനക്ക് പിന്നാലെയാണ് തേർഡ് പാർട്ടി പ്രീമിയത്തിൽ വീണ്ടും 300 രൂപയുടെ വർധനവ് ജൂണ്‍ ഒന്നു മുതൽ നൽകേണ്ടിവരുന്നത്.
വാഹനാപകടത്തിൽ തേർഡ് പാർട്ടി മരണപ്പെട്ടാൽ ഇൻഷ്വറൻസ് തുക നൽകി വരുന്നത് കോടതി വിധിക്കുന്ന തുകയാണ്. ഇത് ഭീമമായ സംഖ്യകളായിരിക്കുമെന്നാണ് ഇൻഷ്വറൻസ് കന്പനികൾ പറയുന്നത്. ഇത്തരത്തിൽ ഭീമമായ തുക നൽകുന്നത് കന്പനികൾക്ക് കടുത്ത സാന്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. ഇതേത്തുടർന്ന് കന്പനികൾ ഐആർഡിഎക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തേർഡ് പാർട്ടി പ്രീമിയത്തിൽ വർധന വരുത്തിയത്.
ഇത് ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ വർധിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഐആർഡിഎ മാർച്ച് 31ന് ഇൻഷ്വറൻസ് കന്പനികൾക്ക് വർധന വരുത്തരുതെന്ന് കാണിച്ച് നോട്ടീസ് നൽകി. ഒപ്പം തെരഞ്ഞെടുപ്പിന് ശേഷം വർധന വരുത്താമെന്നും നിർദേശത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണ്‍ ഒന്നുമുതൽ പ്രീമിയം തുകയിൽ വർധന വരുത്തുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ വാഹന ഇൻഷ്വറൻസ് ഇനത്തിലെ വർധനവിന്റെ ഏറ്റവും ചെറിയ തുകയാണ് 650(350+300). 1000 സിസിക്ക് താഴെയുള്ള വാഹനങ്ങൾക്കാണ് ഈ 650 രൂപയുടെ വർധന വന്നത്. 1000-1500 സിസി വാഹനങ്ങൾക്കിത് 787 രൂപയാണ്. ഗുഡ്സ് വാഹനങ്ങൾക്ക് പ്രീമിയം ആയിരത്തിനും മുകളിലാണ്. 7500 കിലോഗ്രാം ഭാരം വരുന്ന ഗുഡ്സ് വാഹനങ്ങൾക്ക് 1700 രൂപയിലധികം വർധന വരും.
ഇതിന് മുകളിലേക്കുള്ള ഓരോ വാഹനങ്ങൾക്കും രണ്ടായിരം മുതൽ അയ്യായിരം രൂപ വർധനയാണ് ജൂണ്‍ മുതൽ വരാൻ പോകുന്നത്. വാഹന ഉടമകൾക്ക് കടുത്ത സാന്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഐആർഡിഎയുടെ ഈ തീരുമാനം.