കൊച്ചി: കല്ലട ബസിലെ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ അന്തര്‍ സംസ്ഥാന സർവീസ് നടത്തുന്ന നിരവധി സ്വകാര്യ ബസുകള്‍ കുടുങ്ങി. എറണാകുളത്ത് 74 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 12 എണ്ണത്തിനെതിരെ കേസെടുത്തു. ഇവരില്‍ നിന്ന് പിഴയിനത്തില്‍ 35000 രൂപ ഈടാക്കി.
എറണാകുളം ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ നാലു മുതലായിരുന്നു പരിശോധന. വാഹന പരിശോധന ഇന്നും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളത്തെ പരിശോധനയില്‍ വ്യാജ പെര്‍മിറ്റില്‍ സര്‍വീസ് നടത്തുന്ന ബസുകളടക്കമാണ് കുടുങ്ങിയത്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
പല ബസുകളും പാഴ്സൽ കുത്തി നിറച്ച് പാഴ്സൽ സര്‍വീസില്‍ വെട്ടിപ്പ് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ബസുകളിൽ സര്‍വീസ് ആരംഭിക്കുന്ന സ്ഥലത്തിനിന്ന് മാത്രമാണ് ആളുകളെ കയറ്റാന്‍ അനുമതിയുള്ളത്. എന്നാല്‍ ഭൂരിഭാഗം ബസുകളും സ്റ്റേജ് ഗാരേജുപോലെ വഴിയിലെ വിവിധ സ്റ്റോപ്പുകളില്‍ നിന്ന് ആളുകളെ കയറ്റിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവക്കെതിരേ പിഴ ചുമത്തിയിട്ടുണ്ട്.
കൂടാതെ യാത്രക്കാരുടെ ലഗേജുകളല്ലാത്ത മറ്റ് ചരക്കുകള്‍ ബസുകളില്‍ കടത്തുന്നതും പിടികൂടി. നിരോധിത എയര്‍ഹോണുകളാണ് നിരവധി ബസുകളില്‍ ഉപയോഗിച്ചിരുന്നത്. മള്‍ട്ടി ടൂണ്‍ഡ് എയര്‍ ഹോണുകള്‍ സ്ഥാപിച്ചിരുന്ന ബസുകള്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയ മോട്ടോര്‍ വാഹനവകുപ്പ് കേരള മോട്ടോര്‍ വാഹന ചട്ടം 193(2) പ്രകാരം ലൈസന്‍സ് എടുക്കണമെന്ന് കാട്ടിയുള്ള നോട്ടീസ് നല്‍കിത്തുടങ്ങി.
നിലവില്‍ ഇത്തരത്തില്‍ എത്ര ബുക്കിംഗ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വ്യക്തമായ കണക്കുകള്‍ അധികൃതരുടെ പക്കലില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് കടിഞ്ഞാണിടാനുള്ള നടപടികളാണു സ്വീകരിക്കുന്നത്. ലൈസന്‍സിനുള്ള അപേക്ഷ ഉടന്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇവയെല്ലാം അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്.