പയ്യന്നൂർ: നാളെ നടക്കുന്ന അഖിലേന്ത്യാ വാഹന പണിമുടക്കിൽ സ്വകാര്യ വാഹനങ്ങളും സഹകരിക്കണമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി ആറിന് രാവിലെ പത്തിന് പയ്യന്നൂർ സെൻട്രൽ ബസാർ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ പ്രകടനം നടക്കും.
ദേശീയപാതയിൽ പെരുമ്പ കേന്ദ്രീകരിച്ച് സമരകേന്ദ്രം ഒരുക്കും.റോഡ് സുരക്ഷ എന്ന ഓമനപ്പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ മോട്ടോർ മേഖലയെ ആകെ സ്വകാര്യ വൻകിട കുത്തകകൾക്ക് തീറെഴുതിക്കൊടുക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സമരം. പത്രസമ്മേളനത്തിൽ പി.വി.കുഞ്ഞപ്പൻ, വി.കെ.ബാബുരാജ്, ഒ.വി.രാമചന്ദ്രൻ, എം.രാമകൃഷ്ണൻ, കെ.പി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
പയ്യാവൂർ: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന മോട്ടോർ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ മോട്ടോർ വാഹനബിൽ പിൻവലിക്കുക എന്ന ആവശ്യവുമായി നാളെ രാജ്യവ്യാപകമായി നടത്തുന്ന 24 മണിക്കൂർ പണിമുടക്കിൽ മുഴുവൻ വാഹന ഉടമകളും സഹകരിക്കണമെന്ന് ഓൾ ഇന്ത്യാ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് (എഐയുഡബ്ല്യൂസി) ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി അഭ്യർഥിച്ചു.
ഇരിക്കൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം പി.ജെ. ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ, ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗം എം.ഒ. മാധവൻ, സംസ്ഥാന സെക്രട്ടറി കെ.ടി. കുര്യാക്കോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയ് ആലുങ്കതടത്തിൽ, പി.കെ. ബാലകൃഷ്ണൻ, ജയൻ മല്ലിശേരി, ഷെഹദർഷ, ഇരിക്കൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മുനീറുദീൻ, കമൽജിത്ത് എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: തൊഴിലാളി ദ്രോഹ-ജനദ്രോഹ മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കുക, പൊതുഗതാഗതം കോർപറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ നടക്കുന്ന ബന്ദ് വിജയിപ്പിക്കാൻ ആലക്കോട് ചേർന്ന മേഖലാ കമ്മിറ്റി തീരുമാനിച്ചു.
സംയുക്ത തൊഴിലാളി യൂണിയൻ യോഗത്തിൽ ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ, എം.കെ. സെബാസ്റ്റ്യൻ, കെ. സജി, അബ്ദു മൂന്നാംകുന്ന് എന്നിവർ പ്രസംഗിച്ചു. ഇന്നു വൈകുന്നേരം എല്ലാ പഞ്ചായത്ത് ആസ്ഥാനങ്ങളിലും പ്രകടനം നടത്തും.