വാഹനം മറ്റൊരാൾക്ക് വിൽക്കുകയോ ഡീലർഷിപ്പിലൂടെ മാറ്റി പുതിയത് വാങ്ങുകയോ ചെയ്തിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. എന്നാൽ, അശ്രദ്ധമായി ചെയ്യുന്ന ഒരു വാഹന കൈമാറ്റം മതി നമ്മുടെ ജീവിതം തകിടം മറിയാൻ എന്ന കാര്യം പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു.
ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ വാഹനം വിൽക്കുമ്പോൾ വില്പന കരാർ എഴുതിയാണ് വാഹനം കൈമാറ്റം ചെയ്യാറ്. എന്നാൽ, ഇതിനു വലിയ നിയമസാധുത ഇല്ല. മാത്രമല്ല വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിശ്ചിത അപേക്ഷയോടൊപ്പം ഫീസടച്ച് ആർടിഒയിൽ പോയി മാറുമ്പോൾ മാത്രമേ ആ വാഹനത്തിന്റെ ഉത്തരവാദിത്തം ഉടമയിൽനിന്ന് പുതിയ ഉടമയിലേക്കു മാറുന്നുള്ളു. ഇക്കാര്യം അറിയാമെങ്കിലും വില്പന കരാറിന്റെ ബലത്തിൽ പലരും ഇക്കാര്യം സൗകര്യപൂർവം മറക്കുന്നു.
750 – 1000 രൂപയാണ് ഏജന്റ് മുഖേനെ വാഹന ഉടമസ്ഥാവകാശം മാറാൻ ചെലവ്. ഇത് വാങ്ങുന്നയാൾ ചെലവാക്കുമോ, വിറ്റയാൾ ചെലവാക്കുമോ എന്നതാണ് പലപ്പോഴും പ്രശ്നം. എന്നാൽ, വാഹനം വിൽക്കുന്ന ആൾ തന്നെ ചെലവ് വഹിച്ച് ഉടമസ്ഥാവകാശം മാറ്റണം. ഇതു ചെയ്യാതെ ലാഭിക്കുന്ന ആ ചെറിയ തുകയ്ക്ക് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിലയുണ്ട്. (ആർടിഒയിൽ നേരിട്ട് അപേക്ഷിച്ചാൽ ആർസി കൈമാറ്റത്തിനുള്ള തുക വളരെ കുറവാണെന്നതാണ് സത്യം).
പലരും വാഹനം ഡീലർഷിപ്പുകളിൽ മാറ്റിവാങ്ങാനുള്ള കാരണം ഓണർഷിപ്പ് മാറ്റാനുള്ള നടപടിക്രമങ്ങളുടെ പിന്നാലെ നടക്കണ്ടല്ലോ എന്നു കരുതിയാണ്. പഴയ വാഹനത്തിന് പരമാവധി വിലകിട്ടിയാൽ നമ്മൾ ഹാപ്പി, പിന്നെ വലിയ ചോദ്യങ്ങൾക്കു നിൽക്കാതെ പുതിയ വാഹനം വാങ്ങി രജിസ്റ്റർ ചെയ്ത് ഉപയോഗം തുടങ്ങും.
ഡീലർഷിപ്പുകൾ എല്ലാം സുതാര്യമായി നിയമമനുസരിച്ചു ചെയ്യുമെന്ന വിശ്വാസം പലപ്പോഴും തെറ്റാറുണ്ട്. അവരിൽനിന്നും മറ്റൊരാൾ നാം എക്സ്ചേഞ്ച് ചെയ്ത വാഹനം വാങ്ങിയാലും (അതൊരുപക്ഷേ ഒരു സെക്കൻഡ് ഹാൻഡ് വാഹന ബ്രോക്കർ ആകാം) നിസാര വിലയ്ക്കാകാം കച്ചവടം. ഒരു പക്ഷേ, 5000 രൂപ. (ഇരുചക്ര വാഹന കച്ചവടങ്ങളിലാണ് 90 ശതമാനവും ഇതിനുള്ള സാധ്യത കാണുന്നത്).
ആ വിലയ്ക്കു മേലെ ഉടമസ്ഥാവകാശം മാറാനുള്ള തുക വീണ്ടും മുടക്കാൻ വാങ്ങുന്നയാൾ തയാറാകണമെന്നില്ല. ലാഭം കുറഞ്ഞ വില്പന ആയതിനാൽ ഡീലറും ഇതിൽ താത്പര്യം കാണിക്കില്ല (എല്ലാ വാഹന ഡീലർമാരും അല്ല). ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ഉടമസ്ഥതയിലുള്ള വാഹനം മറ്റൊരാൾ ഉപയോഗിക്കാൻ തുടങ്ങുന്നു എന്നർഥം. നിസാര തുകയ്ക്ക് ഉടമസ്ഥാവകാശം പോലും മാറാൻ കൂട്ടാക്കാത്തയാൾ ഇൻഷ്വറൻസ് പുതുക്കുമെന്ന് കരുതാൻ വയ്യാ.
ഈ വാഹനം മൂലം ഒരപകടം ഉണ്ടാകുകയും അതിൽ ഒരാൾ മരിക്കുകയും ചെയ്തെന്നു കരുതുക. കേസ് വരുന്നത് ഇതൊന്നുമറിയാത്ത ആദ്യ ഉടമയിലാകും. കാരണം ആർസി ഓണർ അപ്പോഴും ആദ്യം വാഹനം വിറ്റ ആൾ ആണല്ലോ. വാഹനം ഓടിച്ചതും അപകടം ഉണ്ടാക്കിയതും മറ്റൊരാളാണെങ്കിലും, വില്പന നടന്ന് ഒരു മാസത്തിനകം ഇൻഷ്വറൻസിൽ പേര് മാറ്റിയില്ലെങ്കിൽ ഇൻഷ്വറൻസ് കമ്പനി കൈയൊഴിയും. അപ്പോൾ വാഹനത്തിന് ഇൻഷ്വറൻസ് കൂടി ഇല്ലെങ്കിലോ?
അപകടം മൂലം മരിച്ച ആൾ ഒരു കുട്ടിയാണെന്നു കരുതുക, മിക്കപ്പോഴും മരിച്ചയാളുടെ പ്രായവും, മരിച്ചയാളെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തെയുമൊക്കെ പരിഗണിച്ച് വളരെ വലിയ തുകയാകും ട്രൈബ്യൂണൽ വിധിക്കുക (50 ലക്ഷവും അതിന് മുകളിലും വിധിച്ച കേസുകൾ ഒരുപാടുണ്ട്). അപ്പോൾ, പണ്ടെങ്ങോ നിസാര വിലയ്ക്ക് വിറ്റ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറാതെ ലാഭിച്ച 750 രൂപ!
വാഹനം വ്യക്തികൾക്കു വിറ്റാൽ വിൽക്കുന്ന ആൾ തന്നെ നേരിട്ട് ഇടപെട്ട് ഉടമസ്ഥാവകാശം മാറ്റണം. സ്ഥാപനവുമായാണ് ഇടപാടെങ്കിൽ ഉടമസ്ഥാവകാശം മാറിയ രേഖകൾ ഒരു മാസത്തിനകം തരണമെന്ന് അവരുമായി കരാർ ഉണ്ടാക്കണം. വാക്കാലുള്ള ഉറപ്പിനേക്കാളും ഉചിതം നിയമസാധുതയുള്ള രേഖകളാണ്.
ഒരു മാസത്തിനകം ഓണർഷിപ്പ് മാറിയതായി ബോധ്യപ്പെട്ടില്ലെങ്കിൽ വ്യക്തിയെയോ, സ്ഥാപനത്തെയോ നേരിട്ട് ബന്ധപ്പെടുക. അവർ സഹകരിക്കുന്നില്ല എങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലും, ആർടി ഓഫീസിലും പക്കലുള്ള വില്പന കരാറും രേഖകളും സഹിതം പരാതിപ്പെടുക.
ഓർക്കുക, അയ്യായിരം രൂപയ്ക്ക് വിറ്റ ബൈക്ക് ആയാലും, 50 ലക്ഷത്തിനു വിറ്റ ആഡംബര കാർ ആയാലും നിയമം ഒരു പോലെയാണ്.
തയാറാക്കിയത്
ഷാൻ സത്യശീലൻ
സർവീസ് അഡ്വൈസർ, കനേഡിയൻ ടയർ.