
ഗതാഗത നിയന്ത്രണം വന്നതിനാൽ ആഴ്ചകളായി ഓടാതെ കിടക്കുന്ന വാഹനങ്ങളുടെ പരിരക്ഷ എങ്ങനെ ഉറപ്പാക്കണം. കെഎസ്ആർടിസി, റെയിൽവേ, എയർപോർട്ട് മെക്കാനിക്കൽ വിഭാഗം നൽകുന്ന നിർദേശങ്ങൾ:
കാറുകൾ

* ബാറ്ററി ശേഷി നന്നായുള്ള കാറുകൾ നാലോ അഞ്ചോ ദിവസം കൂടുന്പോൾ ഒന്നോ രണ്ടോ മിനിറ്റ് സ്റ്റാർട്ട് ചെയ്തിട്ടാൽ മതിയാകും. സ്റ്റാർട്ടിംഗിനുശഷം ആക്സിലേറ്റർ റേസ് ചെയ്യേണ്ട കാര്യമില്ല.
* ബാറ്ററി ശേഷി കുറഞ്ഞ കാറുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ സ്റ്റാർട്ട് ചെയ്തിടണം.
-ആഴ്ചയിലൊരിക്കൽ വാഹനം അല്പദൂരം ഓടിച്ചാൽനന്ന്. പ്രത്യേകിച്ചും ഡീസൽ വാഹനങ്ങൾ.
* ടയറുകൾക്ക് വേണ്ടിടത്തോളം കാറ്റില്ലെങ്കിൽ മെക്കാനിക്കിന്റെ സഹായത്തോടെ വാഹനത്തിന്റെ ആ വശം ഉയർത്തി വയ്ക്കുക. സാഹചര്യമുണ്ടെങ്കിൽ കാറ്റ് നിറച്ചിടുക.
* ഫുൾ ടാങ്കാണെങ്കിൽ കുറെ ഇന്ധനം ആവിയായി നഷ്ടപ്പെടാം. മിനിമം ഇന്ധനമാണ് നല്ലത്.
-ബാറ്ററി ബന്ധം വിച്ഛേദിച്ചിടുന്നതിലും തെറ്റില്ല.
* വാഹനം ഫസ്റ്റ് ഗിയറിൽ കഴിവതും നിരപ്പായ സ്ഥലത്തിടുക. ഇറക്കമാണെങ്കിൽ ടയറിനു തട വയ്ക്കാം.
* റിവേഴ്സ് ഗിയറിൽ വാഹനം ഇടരുത്. ഗിയർ റിവേഴ്സിലെങ്കിൽ പുതിയ കാറുകളുടെ കാമറയും മറ്റു ചില സാമഗ്രികളും തനിയെ പ്രവർത്തനസജ്ജമാകും.
* ഓടാതെ കിടക്കുന്ന വാഹനം ഹാൻഡ് ബ്രേക്കിൽ കിടക്കരുത്. ബ്രേക്ക് ജാമാകാൻ സാധ്യതയേറെ.
* വാഹനത്തിൽ ലൈറ്റുകളെല്ലാം ഓഫാണെന്ന് ഉറപ്പുവരുത്തുക.
ഹെവി വാഹനങ്ങൾ

* ഒന്നിടവിട്ട ദിവസങ്ങളിൽ സ്റ്റാർട്ട് ചെയ്യുക. അല്പദൂരം വാഹനം മുന്നോട്ടും പിന്നോട്ടും എടുത്താൽനന്ന്.
* ടയറുകൾക്ക് കാറ്റുകുറവില്ലെന്ന് ഉറപ്പുവരുത്തുക.
* കഴിവതും ടാങ്കിൽ കുറച്ച് ഇന്ധനം കരുതുക
ട്രെയിനുകൾ

* ഓട്ടം നിറുത്തിയെങ്കിലും കേരളത്തിൽ ഏറെ ട്രെയിനുകളുടെയും ബോഗികൾ മാത്രമേ സ്റ്റേഷനുകളിലുള്ളു. എൻജിനുകൾ പലതും ചരക്കുനീക്കത്തിന് ഗുഡ്സ് ട്രെയിനുകളിൽ ഓടിക്കുകയാണ്.
* ഓട്ടത്തിലല്ലാത്ത എൻജിനുകൾ യാർഡിൽ അറ്റകുറ്റപ്പണി നടത്തിവരുന്നു.
വിമാനങ്ങൾ

* വിമാന സർവീസ് നിറുത്തിയതോടെ കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ 45 വിമാനങ്ങൾ പറക്കൽ നിറുത്തിയിട്ടുണ്ട്. ഒരാഴ്ച വരെ വിമാനങ്ങളുടെ എൻജിൻ പ്രവർത്തിക്കാതെ കിടന്നാലും തകരാറില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ അതാത് വിമാനക്കന്പനികളുടെ എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് വിഭാഗം ആഴ്ചയിൽ രണ്ടു തവണ വീതം എൻജിൻ സ്റ്റാർട്ട് ചെയ്യുകയും ടയറുകളിൽ മിനിമം കാറ്റ് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇന്ധനം അൽപം മാത്രമേയുള്ളൂ.