ന്യൂഡൽഹി: അടുത്ത വർഷം ഏപ്രിൽ മുതൽ 15 വർഷത്തിലേറെ പഴക്കമുള്ള കാറുകളുടെ രജിസ്ട്രേഷൻ പുതുക്കാൻ നിലവിലുള്ളതിന്റെ എട്ടുമടങ്ങ് തുക നൽകേണ്ടിവരും.
അടുത്ത വർഷം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യമുള്ളത്.
വലിയ വാണിജ്യവാഹനങ്ങൾക്കും സമാനമായ നിലയിൽ കൂടുതൽ തുക ചെലവാകും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് എട്ടുമടങ്ങ് തുക നൽകണം.
വിജ്ഞാപനം അനുസരിച്ച്, 15 വർഷം പഴക്കമുള്ള കാർ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും.
നിലവിൽ ഇത് 600 രൂപയാണ്. ബൈക്കുകൾക്ക് 300 രൂപയുടെ സ്ഥാനത്ത് ആയിരം രൂപ നൽകണം.
15 വർഷത്തിലേറെ പഴക്കമുള്ള ബസിന്റെയും ട്രക്കിന്റെയും രജിസ്ട്രേഷൻ പുതുക്കാൻ 12,500 രൂപ ഫീസായി ഈടാക്കും. നിലവിൽ 1500 രൂപയാണിത്. ട്രക്കിനും സമാനമായ നിരക്കായിരിക്കും ഈടാക്കുക.
രജിസ്ട്രേഷൻ പുതുക്കുന്നതിൽ കാലതാമസം വന്നാൽ സ്വകാര്യവാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും. വാണിജ്യ വാഹനങ്ങൾക്ക് 500 രൂപ.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ കാലതാമസം വന്നാൽ വാണിജ്യ വാഹനങ്ങൾക്ക് പ്രതിദിനം 50 രൂപ വീതം പിഴ നൽകേണ്ടിവരും.
പഴഞ്ചൻ വാഹനങ്ങൾ കൈവശംവയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ നിരക്ക് ഗണ്യമായി ഉയർത്തിയത്.
സ്വകാര്യ വാഹനങ്ങൾ 15 വർഷം കഴിയുന്പോൾ രജിസ് ട്രേഷൻ പുതുക്കണം. അഞ്ചുവർഷത്തേക്കാണ് പുതുക്കി നൽകുക. വാണിജ്യവാഹനങ്ങൾ എട്ടുവർഷം കഴിഞ്ഞാൽ ഓരോ വർഷവും ഫിറ്റ്നസ് പുതുക്കണം.
പത്തു വർഷത്തിലേറെ പഴക്കമുള്ള പെട്രോൾ-ഡീസൽ വാഹനങ്ങൾ നിരോധിച്ച ഡൽഹിയിലും മറ്റും സംസ്ഥാനങ്ങളിലും ഈ നിരക്ക് വർധന ബാധകമാക്കില്ല.