വെച്ചൂച്ചിറ: യുവതി ജീവനൊടുക്കിയ കേസില്‍ പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കുട്ടുതറ സന്തോഷ് കവലയില്‍ കാവുങ്കല്‍ സൗമ്യ (35) ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവ് സുനില്‍ കുമാര്‍ (40) അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏകമകന് സായി സൗമ്യയുടെ വീട്ടിലായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ ശശി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുടുംബബന്ധത്തിലെ അസ്വാരസ്യങ്ങൾ കാരണം ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും ഭാര്യക്കു കുരുക്കിട്ടു നൽകിയശേഷം സുനിൽ മാറിക്കളഞ്ഞുവെന്നുമാണ് പോലീസ് നിഗമനം.മദ്യലഹരിയില്‍ ഉറങ്ങിപ്പോയ സുനില്‍ പിറ്റേന്നു രാവിലെ സൗമ്യ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ സുനില്‍ സംഭവിച്ച കാര്യങ്ങളെല്ലാം പോലീസിനോടു പറഞ്ഞു.
സുനിലിന്റെ സുഹൃത്തായ യുവാവിന്റെ ഭാര്യ ഇയാൾക്കെതിരേ എരുമേലി പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണത്തിനായി കഴിഞ്ഞ ബുധനാഴ്ച വിളിപ്പിച്ചിരുന്നു. അന്നു രാത്രി ജീവനൊടുക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. ഇതിനുള്ള തയാറെടുപ്പുകൾ നടത്തിയതു സുനിൽ കുമാറാണെന്ന് പറയുന്നു.
സുഹൃത്തുക്കളും അവരുടെ ഭാര്യമാരുമായി ബന്ധപ്പെട്ട ചില അവിഹിത ഇടപാടുകളും വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയുമൊക്കെയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ചു വെച്ചൂച്ചിറപോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പോലീസ് ഇന്‍സ്പെക്ടര്‍ ആര്. റോജ്, എസ്ഐ രതീഷ് കുമാര്‍, എസ് സിപിഒ പി.കെ. ലാല്‍, സിപിഒ അനു കൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.