ന്യൂഡൽഹി: അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ് ഉരുക്കുവ്യവസായത്തിലേക്കു കടന്നു. പാപ്പർകോടതിയിലായ ഇലക്ട്രോസ്റ്റീൽ സ്റ്റീൽസ് ലിമിറ്റഡിനെ വാങ്ങിക്കൊണ്ടാണ് പ്രവേശം.ചെന്പ്, അലുമിനിയം, സിങ്ക്, ടിൻ തുടങ്ങിയ മറ്റു ലോഹങ്ങളുടെ ബിസിനസിലാണ് വേദാന്ത ഗ്രൂപ്പ് ഇതുവരെ ശ്രദ്ധിച്ചിരുന്നത്. ഇരുന്പയിര് ബിസിനസുമുണ്ട്. 5,320 കോടി രൂപ മുടക്കിയാണ് ഇലക്ട്രോസ്റ്റീലിനെ വാങ്ങുന്നത്. തുക ബാങ്കിൽ അടച്ച് പുതിയ ഡയറക്ടർമാരെയും നിയോഗിച്ചു.
ഇപ്പോൾ പ്രതിവർഷം 15 ലക്ഷം ടൺ സ്റ്റീൽ നിർമിക്കാവുന്നതാണ് ഇലക്ട്രോസ്റ്റീൽ പ്ലാന്റ്. ഇത് 25.1 ലക്ഷം ടണ്ണിലേക്കു വർധിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. തങ്ങളുടെ ഇരുന്പയിര് ബിസിനസിന്റെ തുടർച്ചയായി സ്റ്റീലിനെ കാണുകയാണ് വേദാന്ത. ഇരുന്പയിര് സ്റ്റീലാക്കി മാറ്റുന്പോൾ ലാഭമാർജിൻ പലമടങ്ങാകും.
ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) വന്നശേഷം തീർപ്പാകുന്ന രണ്ടാമത്തെ സ്റ്റീൽ കന്പനിയാണ് ഇലക്ട്രോസ്റ്റീൽ. കഴിഞ്ഞ മാസം ഭൂഷൺ സ്റ്റീലിനെ ടാറ്റാ സ്റ്റീൽ വാങ്ങിയിരുന്നു. എസാർ സ്റ്റീൽ, മോണക് ഇസ്പാത് തുടങ്ങിയ കന്പനികളുടെ കാര്യം വിവിധ ഘട്ടങ്ങളിലാണ്.
ബിഹാറിൽനിന്നുള്ള മാർവാഡിയായ അനിൽ അഗർവാളിന്റെ കന്പനിയാണ് ഈയിടെ തൂത്തുക്കുടിയിൽ പ്രക്ഷോഭത്തിനിടയാക്കിയ സ്റ്റെർലൈറ്റ് കോപ്പർ. കന്പനിയുടെ മലിനീകരണത്തിനെതിരായ പ്രക്ഷോഭത്തിനുനേരേ പോലീസ് വെടിവച്ചതിൽ 14 പേർ കൊല്ലപ്പെട്ടു.