ചാത്തന്നൂർ: ഉളിയനാട് വേടർ കോളനിയിൽ വീടാക്രമിച്ച് നാലു ദലിത് യുവാക്കളെ വെട്ടി ഗുരുതരമായി പരിക്കേല്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗോത്ര – ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ പ്രകടനവും സമര പ്രഖ്യാപന സമ്മേളനവും നടത്തി.
കഴിഞ്ഞ ജനുവരി ഒന്നിനാണ് ഉളിയനാട് വേടർ കോളനിയിൽ അക്രമം നടന്നത്.നാല് യുവാക്കൾക്ക് മാരകായുധങ്ങളുമായുള്ള ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റു.ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഒരു പെൺകുട്ടിയുടെ ചിത്രമെടുത്ത് പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതിനാ യി രു ന്നു വീട് കയറി ആക്രമിച്ചതെന്ന് വേടർ മഹാസഭ ആരോപിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുക പട്ടികജാതി-വർഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കുക, കൊലക്കുറ്റത്തിന് കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രകടനവും സമര പ്രഖ്യാപന സമ്മേ ളനവും. ചാത്തന്നൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പോലീസ് സ്റ്റേഷന് മുന്നിലെത്തി ദേശീയപാതയിലൂടെ സമ്മേളന സ്ഥലത്ത് സമാപിച്ചു.
വേടർ ഗോത്രമഹാസഭ നേതാക്കളായ കാക്കോട് സുരേഷ്, കൊട്ടിയം സുമേഷ്, അനീഷ്.സി.എസ്.തുടങ്ങിയവർ നേതൃത്വം നല്കി. തുടർന്ന് ചേർന്ന സമര പ്രഖ്യാപന സമ്മേളനം ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു.കാക്കോട് സുരേഷ് അധ്യക്ഷനായിരുന്നു. സി. എസ്. മുരളി, ജസ്റ്റിൻ ഐറിൻ, വിനീത ജെയ്ൻ, ചെമ്മരുതി ശ്രീകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു.