സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിനുള്ള വെടിക്കോപ്പുകൾ സൂക്ഷിച്ചിരുന്ന തിരുവന്പാടിയുടെ വെടിക്കെട്ടുപുരയ്ക്കു സമീപം പടക്കം പൊട്ടിച്ച സംഭവത്തിൽ വൻ ദുരന്തം ഒഴിവായതു തലനാരിഴയ്ക്ക്.
തിരുവന്പാടിയുടെ വെടിക്കെട്ടിനുള്ള എല്ലാ വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നത് ഈ വെടിക്കെട്ടുപുരയിലായിരുന്നു. ഇതിനു വളരെയടുത്താണു മൂവർസംഘം ചൈനീസ് പടക്കങ്ങൾ പൊട്ടിച്ചത്.
മുകളിലേക്ക് ഉയർന്നുപോകുന്ന പടക്കങ്ങൾ വരെ ഇതിൽ ഉണ്ടായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണു സംഭവം. തേക്കിൻകാട് മൈതാനത്ത് ഈ സമയത്ത് ഉണ്ടായിരുന്ന എസിപി വി.കെ. രാജുവാണു പടക്കങ്ങൾ പൊട്ടുന്നതുകണ്ട് ആദ്യം ഓടിയെത്തി മൂവർസംഘത്തോടു പടക്കം പൊട്ടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടത്.
അപ്പോഴേക്കും വെടിക്കെട്ടുപുരയ്ക്കു സമീപം കാവലുണ്ടായിരുന്ന പോലീസുകാരും ഓടിയെത്തി. എന്നാൽ, മദ്യലഹരിയിലായിരുന്ന മൂന്നംഗസംഘം പോലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ പോലീസെത്തിയാണ് ഇവരെ കീഴടക്കിയത്.
അപ്പോഴേക്കും വിവരമറിഞ്ഞു തട്ടകവാസികളും ദേശക്കാരുമടക്കം അടക്കം നിരവധിപേർ തേക്കിൻകാട്ടിലെത്തി.തങ്ങൾ പൂരം വെടിക്കെട്ടു കാണാനായാണു കോട്ടയത്തുനിന്ന് എത്തിയതെന്നു പിടിയിലായവർ പറഞ്ഞു.
കോട്ടയം സ്വദേശികൾക്കൊപ്പം തൃശൂർ എൽത്തുരുത്ത് സ്വദേശിയും പിടിയിലായിട്ടുണ്ട്. പിടിയിലായ കോട്ടയം സ്വദേശികളിൽ ഒരാൾ പടക്കക്കച്ചവടക്കാരനാണ്.
ഇവരുടെ കെെയിൽനിന്നും കാറിൽനിന്നും ധാരാളം പടക്കങ്ങൾ പിടിച്ചെടുത്തു. ഇവർ പൊട്ടിച്ച പടക്കങ്ങൾ വെടിക്കോപ്പുകൾ സൂക്ഷിച്ച കെട്ടിടത്തിൽ പതിച്ചിരുന്നുവെങ്കിൽ കാര്യങ്ങൾ അതീവ ഗുരുതരമാകുമായിരുന്നു.
നല്ല ഉറപ്പും ബലവും ഉള്ള വെടിക്കെട്ടുപുരകളാണു തിരുവന്പാടിയുടെയും പാറമേക്കാവിന്റെയും. അതുകൊണ്ടുതന്നെ പെട്ടെന്നൊന്നും ചൂട് ഇതിനകത്തേക്ക് അടിക്കില്ലെന്നു വെടിക്കെട്ടുകാർ പറയുന്നു.
ഇടിമിന്നലുള്ള സമയത്തുപോലും വെടിക്കോപ്പുകൾ ഇതിനകത്ത് ഏറെക്കുറെ സുരക്ഷിതമായിരിക്കുമത്രെ. എങ്കിൽപോലും പടക്കങ്ങൾ വെടിക്കെട്ടുപുരയ്ക്കു മുകളിൽ പതിക്കുന്നത് അപകടം സൃഷ്ടിക്കുമായിരുന്നു.
പിടിച്ചെടുത്ത പടക്കങ്ങൾ ഉഗ്രസ്ഫോടക ശക്തി ഉള്ളതല്ലെന്നാണു പ്രാഥമിക നിഗമനം. അറസ്റ്റിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.