സ്വന്തം ലേഖകൻ
തൃശൂർ: പൂരക്കന്പക്കാരും വെടിക്കെട്ടുപ്രേമികളും ഒരേ സ്വരത്തിൽ പാടുന്നുണ്ട്… റെയിൻ റെയിൻ ഗോ എവേ… കാരണം ഉണ്ടാക്കിവച്ച ഈ വെടിക്കോപ്പുകൾ ഒന്നു പൊട്ടിച്ചുതീർക്കണ്ടേ..
തൃശൂർ പൂരത്തിന്റെ വെടിക്കോപ്പുകൾ തേക്കിൻകാട് മൈതാനത്തെ വെടിക്കോപ്പു സൂക്ഷിപ്പുപുരകളിൽ തീതൊടാൻ കാത്തുകിടക്കുകയാണ്.
എത്ര ദിവസം ഇതങ്ങനെ സൂക്ഷിക്കുമെന്നു വെടിക്കെട്ടുകാരോടു ചോദിച്ചു. രണ്ടാഴ്ച വരെ പരമാവധി സൂക്ഷിക്കാം. അതിനപ്പുറം സൂക്ഷിക്കുന്നതിൽ അപകടമുണ്ടെന്നും അവർ പറഞ്ഞു.
ഈർപ്പം തട്ടിയാൽ വെടിക്കോപ്പുകൾ താനേ പൊട്ടുന്ന സ്ഥിതിയുണ്ടാകും. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നു വെടിക്കെട്ട് നടത്തുക എളുപ്പമല്ലെന്നാണ് ഇപ്പോഴത്തെ സൂചന. നാളെ പൊട്ടിക്കാൻതന്നെയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
നാളെയും മഴയാണെങ്കിൽ എന്തു ചെയ്യുമെന്നതാണ് ദേവസ്വം ഭാരവാഹികളെയും വെടിക്കെട്ടുകാരേയും ആശക്കുഴപ്പത്തിലാക്കുന്ന ചോദ്യം.മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴ ആറു മണിക്കൂറെങ്കിലും വിട്ടുനിന്നാലേ തേക്കിൻകാട് മൈതാനിയിൽ വെടിക്കെട്ട് ഒരുക്കാൻ കഴിയൂ. പകൽപ്പൂരവും ഉപചാരം ചൊല്ലലും കഴിഞ്ഞു നടത്തിയ വെടിക്കെട്ടിനുതന്നെ കൂടുതൽ കരിമരുന്ന് ഉപയോഗിക്കേണ്ടിവന്നിരുന്നു.
ഈർപ്പം കൂടുതലായിരിക്കുന്നതിനാലും പൊട്ടിക്കാനുള്ളവയുടെ എണ്ണം കൂടുതലായതിനാലും ഇനിയുള്ള വെടിക്കെട്ടിനു കരിമരുന്ന് വളരെയധികം ഉപയോഗിക്കേണ്ടി വന്നേക്കാം.