നീലേശ്വരം(കാസര്‍ഗോഡ്): നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ കരിന്തളം ചോയ്യങ്കോട് സ്വദേശി സന്ദീപ്, ഷിബിന്‍രാജ് (19), ബിജു (38), രതീഷ് (30) വിഷ്ണു (29)എന്നിവരുടെ നില അതീവഗുരുതരമാണ്.
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്ന 80 ശതമാനത്തിലേറെ പൊള്ളലേറ്റ ഷിബിന്‍രാജ്, ബിജു, രതീഷ് എന്നിവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി.പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സന്ദീപിന്റെ നില ഗുരുതരമായതിനെതുടര്‍ന്ന് ഇന്നു പുലര്‍ച്ചെയോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്റും സെക്രട്ടറിയുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഇന്നലെ അര്‍ധരാത്രി 12 ഓടെയാണ് അപകടമുണ്ടായത്. വടക്കന്‍ മലബാറിലെ തെയ്യക്കാലത്തിനു തുടക്കംകുറിച്ചുകൊണ്ട് ആരംഭിച്ച മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റം ചടങ്ങ് നടക്കുകയായിരുന്നു. വെടിക്കെട്ട് തുടങ്ങി അല്പസമയത്തിനകം ചിതറിയ തീപ്പൊരി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തേക്ക് തെറിച്ച് വീണ് വലിയ സ്ഫോടനുമുണ്ടാവുകയായിരുന്നു.
വലിയ തീഗോളം പോലെ പടക്കശേഖരം പൊട്ടിത്തെറിച്ചു. നീലേശ്വരം ടൗണില്‍ തന്നെ സ്ഥിതിചെയ്യുന്ന അമ്പലത്തില്‍ സ്ഥലസൗകര്യം കുറവാണ്. ക്ഷേത്രമതിലിനോട് ചേര്‍ന്ന തകരഷീറ്റ് പാകിയ ചെറിയൊരു കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഈ ഭാഗത്തുനിന്നവര്ക്കാണ് പൊള്ളലേറ്റത്. മുഖത്തും കൈകള്‍ക്കുമാണ് പ്രധാനമായും പൊള്ളലേറ്റത്. സ്ഫോടനത്തില്‍ ഊട്ടുപുരയുടെ തകരഷീറ്റ് പറന്നുപോയി.
പടക്കങ്ങള്‍ സൂക്ഷിച്ചതും വെടിക്കെട്ട് നടത്തിയതും അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ പറഞ്ഞു. പടക്കം സൂക്ഷിക്കുന്ന സ്ഥലവും പടക്കം സൂക്ഷിച്ചുവെക്കുന്ന സ്ഥലവും തമ്മില്‍ കുറഞ്ഞത് 100 മീറ്റര്‍ അകലമെങ്കിലും വേണമെന്നാണ് നിയമം. എന്നാല്‍ ഇവിടെ കേവലം മൂന്നടി ദൂരത്തിലാണ് വെടിക്കെട്ട് നടത്തിയത്. സ്ഫോടനശേഷി കുറഞ്ഞ പടക്കങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. അല്ലാത്തപക്ഷം ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമായിരുന്നു.
അഞ്ചൂറ്റമ്പലം വീരര്‍കാവ് കമ്മിറ്റി പ്രസിഡന്റിനെയും സെക്രട്ടറിയെയും നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടന്നസ്ഥലത്ത് ആയിരക്കണക്കിന് ആളുകളാണ് ഉണ്ടായിരുന്നത്. പൊള്ളലേറ്റതിന് പുറമെ തിക്കിലും തിരക്കിലും പെട്ടും നിരവധി പേര്‍ക്ക് പരിക്കേറ്റു.
ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി ഡി.ശില്പ എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ഇന്ന് 6000 പേര്‍ക്ക് ഉച്ചഭക്ഷണം തയാറാക്കാനുള്ള ഒരുക്കത്തിലായിരുന്നു സംഘാടകര്‍. അപകടത്തെതുടര്‍ന്ന് അമ്പലത്തിലെ ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍
കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ കഴിയുന്ന ഷമില്‍ (22), ശരത്ത് (32), അഭിജിത് (23), ശര്‍മ (35), രാകേഷ് (46), സന്തോഷ് (45), വിനീഷ് (34), ബിപിന്‍ (39), വൈശാഖ് (20), മോഹനന് (58), അശ്വന്ത് (24), മിഥുന് (28), അദിഷ് (18), ശ്രീനാഥ് (25), സൗരവ് (20), ശ്രീരാഗ് (26), ഗീത (52), പ്രാര്‍ഥന (നാല്), സുധീഷ് (30), പ്രീതി (35), വിന്യ (37), ടി.വി.അതുല്‍ (21), ഭവിക (ഒൻപത്), സൗപര്‍ണിക (25), പദ്മനാഭന് (75), അനിത (58). ചാത്തമത്ത് സ്വദേശി ലതീഷ് (40), കടിഞ്ഞുംമൂല സ്വദേശി പ്രകാശന് (50), മകന് അദ്വൈത് (15), നീലേശ്വരം പാലായി സ്വദേശികളായ ദീക്ഷിത് (24), രോഹിത് (33) എന്നിവര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
മംഗളുരു എജെ മെഡിക്കല്‍ കോളജില്‍ 18 പേരും കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ 16പേരും സഞ്ജീവനി ആശുപത്രിയില്‍ 10 പേരും ഐഷാല്‍ ആശുപത്രിയില്‍ 17 പേരും മന്‍സൂര്‍ ആശുപത്രിയില്‍ അഞ്ചുപേരും ദീപ ആശുപത്രിയില്‍ ഒരാളും ചെറുവത്തൂര്‍ കെഎഎച്ച് ആശുപത്രിയില്‍ രണ്ടുപേരും ചികിത്സയിലുണ്ട്.
കളിയാട്ടങ്ങള്‍ തുടങ്ങുന്നിടം
വടക്കന്‍ കേരളത്തിലെ വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും കളിയാട്ടക്കാലത്തിന് തുടക്കമാകുന്നത് പത്താമുദയം എന്ന പേരില്‍ അറിയപ്പെടുന്ന തുലാമാസം പത്താം തീയതിയാണ്. കാസര്‍ഗോഡ് ജില്ലയിലെ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന ഇടമാണ് അഞ്ഞൂറ്റമ്പലം വീരര്‍കാവ്. വര്‍ഷത്തിലെ ആദ്യ കളിയാട്ടമായതുകൊണ്ടും നീലേശ്വരം നഗരമധ്യത്തില്‍ തന്നെയായതുകൊണ്ടും രാത്രിയായാലും പകലായാലും വലിയ ജനക്കൂട്ടമാണ് ഇവിടെയുണ്ടാകാറ്.
ചുറ്റുപാടും കെട്ടിടങ്ങളും ജനവാസമേഖലയുമായതിനാല് ആളുകള്‍ക്ക് കൂട്ടംകൂടി നില്‍ക്കാനുള്ള സ്ഥലം താരതമ്യേന കുറവാണ്. വെടിക്കെട്ടിന് വലിയ പ്രാധാന്യമില്ലാത്ത ഇടമായതിനാല്‍ 30,000 രൂപയുടെ പടക്കങ്ങള്‍ മാത്രമാണ് വാങ്ങി സൂക്ഷിച്ചിരുന്നത്.
ക്ഷേത്രത്തിന്റെ കലവറയോടു ചേര്‍ന്ന് തന്നെയാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇന്നു പകല്‍ കെട്ടിയാടാനുള്ള തെയ്യക്കോലങ്ങളുടെ മുന്നൊരുക്കമായ വെള്ളാട്ടമാണ് ഇന്നലെ രാത്രി നടന്നത്. ഇത് കാണുന്നതിനായി കലവറയ്ക്കു സമീപം ഇരിക്കുകയും നില്‍ക്കുകയും ചെയ്തിരുന്ന ആളുകളാണ് അപകടത്തില്‍പ്പെട്ടത്.
- സ്വന്തം ലേഖകന്‍