നെന്മാറ: അനധികൃത ക്വാറിയിൽ നടത്തിയ പരിശോധനയിൽ വെടിമരുന്ന് പിടികൂടി. പോത്തുണ്ടി മാങ്ങാമടയിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നാണ് വെടിമരുന്ന് പിടികൂടിയത്. സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്സെടുത്തു.
നാലുപേർ അറസ്റ്റിലായി. പോത്തുണ്ടി തേവർമണി ദേവൻ(35) കുട്ടപ്പൻ(51) ആനമല സ്വദേശികളായ ചന്ദ്രൻ(32) ധർമ്മരാജ്(43) എന്നിവരാണ് അറസ്റ്റിലായത്. ക്വാറി നടത്തുന്ന ജോസിനെ പിടികൂടാനായില്ല.
പരിശോധനയിൽ 87 ജലാറ്റിൻസ്റ്റിക്കും, 87 ഡിറ്റനേറ്ററും, 100 മീറ്റർ ഫ്യൂസ് വയറും, പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന കംപ്രസ്സറും പിടികൂടി. ഈ സമയം കരിങ്കൽ കയറ്റി നിൽക്കുന്ന ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനിടെ ടിപ്പർ ലോറിയിലെ ഡ്രൈവർ ഓടി അടുത്തുള്ള വീട്ടിലൊളിച്ചു. ഇയാളെ പിടികൂടാനുള്ള പരിശോധനയിലാണ് വീട്ടിൽ അനധികൃതമായി ഒളിപ്പിച്ചുവെച്ച മൂന്ന് മാൻകൊന്പുകൾ പിടികൂടിയത്.
വീട്ടിനകത്ത് കട്ടിലിന്റെ അടിയിലാണ് മാൻ കൊന്പുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മാങ്ങാമട ചന്ദ്രന്റെ മകൻ മോഹൻദാസ് (42) നെ പോലീസ് കസ്റ്റഡിയിലെടുത്തു. നെന്മാറ സി.ഐ. ടി.എൻ.ഉണ്ണികൃഷ്ണൻ, എസ്.ഐ. രാജീവൻ.എൻ.എസ്., എ.എസ്.ഐ. ഭാസി, പോലീസുകാരായ സുൽത്താൻ, കലാധരൻ, അൻസാരി, ഇസ്മായിൽ, രാജൻ, സതീശൻ, ബാബു. തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.